ഭട്ടിൻഡ: പഞ്ചാബിലെ സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ നാലു ജവാന്മാർ കൊല്ലപ്പെട്ടു. ഭട്ടിൻഡ സൈനിക കേന്ദ്രത്തിലാണ് ബുധനാഴ്ച പുലർച്ച 4.30 ഓടെ വെടിവെപ്പുണ്ടായത്. ഭീകരാക്രമണം സംശയിക്കുന്നില്ലെന്നും സൈനികർക്കിടയിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നും പഞ്ചാബ് എ.ഡി.ജി.പി എസ്.പി.എസ്. പാർമർ അറിയിച്ചു.
ആരാണ് വെടിവെച്ചതെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഭട്ടിൻഡ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഗുർദീപ് സിങ് പറഞ്ഞു.
വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് ഭട്ടിൻഡ പൊലീസ് സൂപ്രണ്ട് ഗുൽനീത് സിങ് ഖുറാന അറിയിച്ചു. രണ്ടു ദിവസംമുമ്പ് സൈനിക കേന്ദ്രത്തിൽനിന്ന് റൈഫിളും 28 റൗണ്ട് വെടിയുണ്ടകളും കാണാതായതിന് വെടിവെപ്പ് സംഭവവുമായി ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെ കുറിച്ച് സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ച് വിശദീകരണം നൽകി.
അന്വേഷണത്തിന്റെ ഭാഗമായി വെടിവെപ്പ് നടന്ന മേഖല സീൽ ചെയ്തു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സൈനിക കേന്ദ്രമാണ് ഭട്ടിൻഡയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.