ഡെറാഡൂൺ: മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ചതിനെ തുടർന്നുണ്ടായ കാർ അപകടത്തിൽ ഡെറാഡൂണിൽ ആറു ചെറുപ്പക്കാർ മരിച്ചു. അതുൽ അഗർവാൾ (24), കുനാൽ കുക്രേജ (23), റിഷഭ് ജെയിൻ (24), ഗുണിത് സിങ് (19), നവ്യാ ഗോയൽ (23), കാമാക്ഷി കുമാരി (20) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ച വേഗതയും ഇടിയുടെ തീവ്രതയും മൂലം ടൊയോട്ട ഇന്നോവയുടെ മേൽഭാഗവും പിൻഭാഗവും കടലാസ് കഷ്ണം പോലെ പിളർന്നു.
ഈ മാസം 12ന് പുലർച്ചെ രണ്ടു മണിയോടെ നഗരത്തിലെ ഒ.എൻ.ജിസി ക്രോസിന് സമീപമായിരുന്നു അപകടം. അപകടത്തിൽപെട്ട മറ്റ് വാഹനത്തെക്കുറിച്ച് വിവരമില്ല. ഇന്നോവ ഒരു ബി.എം.ഡബ്ല്യുവുമായി മൽസരയോട്ടം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ട്രാഫിക് പൊലീസ് ഇല്ലായിരുന്നു. കാറിന് നമ്പർ പ്ലേറ്റും ഇല്ലായിരുന്നു. കുറച്ചു യുവാക്കൾ കാറിൽ മദ്യപിക്കുകയും അശ്രദ്ധമായി വാഹനമോടിക്കുകയും ചിലപ്പോൾ നൃത്തം ചെയ്യാൻ റോഡിൽ നിർത്തുകയും ചെയ്യുന്നതായി ഒരാൾ പൊലീസിനെ വിളിച്ചറിയിച്ചെങ്കിലും ആരും വന്നില്ല. അതു കഴിഞ്ഞ് 30 മിനിറ്റിനുശേഷമാണ് അപകടം നടന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മരിച്ചവരിൽ ഒരാളുടെ മൊബൈൽ ഫോണിൽനിന്ന് കണ്ടെടുത്ത വിഡിയോ ക്ലിപ്പുകളും സി.സി.ടി.വി ദൃശ്യങ്ങളും അവർ മദ്യപിച്ചിരുന്നതായി സൂചിപ്പിക്കുന്നു. അപകടം നടക്കുമ്പോൾ കാർ ഓടിച്ചിരുന്നത് 180 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെല്ലാം നഗരത്തിലെ സമ്പന്നരായ വ്യവസായികളുടെ മക്കളാണ്. കഴിഞ്ഞ വർഷം ഡെറാഡൂണിലേക്ക് മാറിയ ഉത്തർപ്രദേശിലെ സഹൻപൂരിലെ പടക്ക നിർമാതാവായ പിതാവ് മകൻ അതുലിന് ഈ മാസമാദ്യം സമ്മാനിച്ചതാണ് എസ്.യു.വി. കാറിലുണ്ടായിരുന്ന സിദ്ധേഷ് അഗർവാൾ (25) ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.