ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹം വിക്ഷേപിക്കാനുള്ള കരാർ സ്വന്തമാക്കി ഇലോൺ മസ്കിന്റെ സ്പേസ് എക്സ്. ജിസാറ്റ്-20 വാർത്താവിനിമയ ഉപഗ്രഹം വിക്ഷേപിക്കുന്നതിനുള്ള കരാറാണ് സ്പേസ് എക്സ് സ്വന്തമാക്കിയത്. ട്രംപിന്റെ വിശ്വസ്തനായി മസ്ക് ഉയർന്ന് വരുന്നതിനിടെയാണ് കരാർ എന്നതും ശ്രദ്ധേയമാണ്.
അടുത്തയാഴ്ചയോടെ റോക്കറ്റിന്റെ വിക്ഷേപണമുണ്ടാവും. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാവും വിക്ഷേപണം. മസ്കും ഐ.എസ്.ആർ.ഒയും തമ്മിലുള്ള കരാറിലൂടെ ട്രംപുമായും ബഹിരാകാശ ഏജൻസി നേരിട്ട് ബന്ധം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഡോണാൾഡ് ട്രംപിന്റെ പ്രസിഡന്റ് പദത്തിലേക്കുള്ള രണ്ടാം വരവിൽ ഇലോൺ മസ്ക് നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
4700 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് ജിസാറ്റ്-20 സാറ്റ്ലൈറ്റ്. ഇന്ത്യയുടെ സ്വന്തം റോക്കറ്റിന് ഇത്രയും ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ഐ.എസ്.ആർ.ഒ സ്പേസ് എക്സിന്റെ സഹായം തേടിയത്. യു.എസിലെ കേപ്പ് കാൻവറെല്ലിൽ നിന്നാവും ഉപഗ്രഹം വിക്ഷേപിക്കുക. 14 വർഷമായിരിക്കും സാറ്റ്ലൈറ്റിന്റെ കാലാവധി.
ഐ.എസ്.ആർ.ഒ റോക്കറ്റ് വിക്ഷേപണത്തിനായി ഫ്രഞ്ച് കൊമേഴ്സ്യൽ കമ്പനിയായ അരിൻസ്പേസിനെയാണ് ആശ്രയിക്കുന്നത്. എന്നാൽ, നിലവിൽ ഉപഗ്രഹ വിക്ഷേപത്തിനായി കമ്പനിയുടെ കൈവശം റോക്കറ്റുകളൊന്നും ഇല്ല. യുക്രെയ്ൻ യുദ്ധം കാരണം റഷ്യയേയും ആശ്രയിക്കാൻ സാധിക്കാൻ. ഈയൊരു സാഹചര്യത്തിലാണ് സ്പേസ് എക്സിനെ ഐ.എസ്.ആർ.ഒ തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.