ചണ്ഡിഗഢ്: ശിരോമണി അകാലിദൾ അധ്യക്ഷ സ്ഥാനത്ത് നിന്ന് സുഖ്ബീർ സിങ് ബാദൽ രാജിവെച്ചു. പാർട്ടിയിലെ അഭിപ്രായഭിന്നതക്ക് പിന്നാലെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായാണ് സുഖ്ബീർ സിങ് ബാദൽ രാജിവെച്ചത്. മുൻ മന്ത്രി
ഡോ. ദിൽജിത് എസ് ചീമ രാജി വാർത്ത എക്സിലൂടെ സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂലൈയിൽ ചണ്ഡീഗഢിൽ നടന്ന യോഗത്തിന് പിന്നാലെ പാർട്ടി കോർ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് ശിരോമണി അകാലിദൾ നേതാക്കൾക്കിടയിൽ അസ്വാരസ്യം ഉടലെടുത്തത്. പ്രേംസിങ് ചന്ദുമജ്ര, സിക്കന്ദർ സിങ് മലുക, ബിബി ജഗിർ കൗർ, പരമിന്ദർ സിങ് ധിൻഡ്ഷ, സർവൻ സിങ് ഫില്ലോർ ഉൾപ്പെടെയുള്ള നേതാക്കളാണ് പ്രത്യേക യോഗം ചേർന്ന് സുഖ്ബീർ സിങ്ങിനെതിരെ രംഗത്തെത്തി.
പാർട്ടിക്കുള്ളിൽ മാറ്റം അനിവാര്യമാണെന്നും അധ്യക്ഷൻ സുഖ്ബീർ സിങ് മറ്റു നേതാക്കളെ കേൾക്കാറില്ലെന്നും വിമത നേതാക്കൾ ആരോപണം ഉയർത്തി. പോരായ്മകൾ തിരുത്താൻ സുഖ്ബീർ തയാറാവുന്നില്ല. എങ്ങനെ നില മെച്ചപ്പെടുത്താമെന്ന കാര്യത്തിൽ പാർട്ടി അനുഭാവികൾ ആശങ്കയിലാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, ഒരു വിഭാഗം നേതാക്കൾ സുഖ്ബീർ സിങ്ങിനും പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. പാർട്ടിയിൽ ഭിന്നതയെന്ന വാർത്ത ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ തള്ളിക്കളഞ്ഞിരുന്നു. പാർട്ടി നേതാക്കൾ സുഖ്ബീർ സിങ്ങിനൊപ്പമാണെന്നും ഭിന്നതയുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്നുമാണ് ഹർസിമ്രതിന്‍റെ ആരോപണം.
ലോക്സഭ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ 13 സീറ്റുകളിൽ ഒരിടത്ത് മാത്രമാണ് ശിരോമണി അകാലിദളിന് ജയിക്കാനായത്. വോട്ട് ശതമാനം 2019ൽ 27.45 ആയിരുന്നത് ഇത്തവണ 13.42 ആയി കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.