​യോഗിയുടെ ഹിന്ദുത്വ ‘വിഭജന’ മുദ്രാവാക്യത്തെ ചൊല്ലി ബി.ജെ.പി സഖ്യകക്ഷികൾക്കിടയിൽ കടുത്ത ഭിന്നത

മുംബൈ: സഖ്യകക്ഷിയിൽനിന്നടക്കം കടുത്ത വിമർ​ശനത്തിനിടയാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്‍റെ തീവ്ര ഹിന്ദുത്വ മുദ്രാവാക്യം ‘ബത്തേംഗേ തോ കത്തേംഗേ’ . സഖ്യകക്ഷിയിൽനിന്ന് നിശിതമായ തിരിച്ചടി മാത്രമല്ല ബി.ജെ.പിയിലെ ചിലരിൽനിന്ന് പൊതു വിസമ്മതത്തിനും ഇത് കാരണമായി.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വത്തെ മുന്നോട്ടു കൊണ്ടുപോകാൻ ബി.ജെ.പിയിറക്കിയ മുദ്രാവാക്യ​ത്തെ സഖ്യ കക്ഷിയായ എൻ.സി.പി വിമതപക്ഷത്തി​​ന്‍റെ തലവനായ അജിത് പവാറാണ് ആദ്യം വിമർ​ശിച്ചത്. അതി​​ന്‍റെ പേരിൽ അജിത് പവാറിനെ ബി.​ജെ.പി തിരിച്ചടിക്കുകയും ചെയ്തു. ശിവസേനയുടെ ഒരു വിഭാഗത്തെ നയിക്കുന്ന ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും യോഗി ആദിത്യനാഥി​ന്‍റെ മുദ്രാവാക്യത്തിൽ നിന്ന് പരോക്ഷമായി അകന്നുനിന്നു. വികസനം മാത്രമാണ് ത​ന്‍റെ അജണ്ടയെന്നും വോട്ടർമാരെ മതപരമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് ത​ന്‍റെ പ്രചാരണ യോഗങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം പറഞ്ഞു.

അമ്മാവൻ ശരദ് പവാറി​ന്‍റെ നേതൃത്വത്തിലുള്ള എൻ.സി.പിയെ പിളർത്തി അജിത് പവാർ കഴിഞ്ഞ വർഷം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ‘മഹായുതി’ സർക്കാറിൽ ചേർന്നിരുന്നു. ദിവസങ്ങളായി അജിത്, യോഗിയുടെ മുദ്രാവാക്യത്തെ ശക്തമായി എതിർക്കുന്നുണ്ട്. ഇത് ഉത്തരേന്ത്യയിൽ പ്രവർത്തിക്കുമെങ്കിലും മഹാരാഷ്ട്രയിൽ ഏശില്ലെന്ന് അജിത് പറഞ്ഞു.

അതേസമയം, ബി.ജെ.പിയുടെ മഹാരാഷ്ട്ര മുഖവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അജിത്തിനെ ആക്രമിച്ചു. ഹിന്ദു വിരുദ്ധ പ്രത്യയശാസ്ത്ര ‘ഹാങ് ഓവർ’ മറികടക്കാൻ കുറച്ച് സമയമെടുക്കുമെന്ന് കുറ്റപ്പെടുത്തി. പതിറ്റാണ്ടുകളായി അജിത് പവാർ ഹിന്ദു വിരുദ്ധ ആശയങ്ങൾക്കൊപ്പമായിരുന്നു. ഹിന്ദുത്വയെ എതിർക്കുന്ന മതേതരരായ ആളുകൾക്കൊപ്പമായിരുന്നു. പൊതുജനങ്ങളുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ അദ്ദേഹത്തിന് കുറച്ച് സമയമെടുക്കും എന്നായിരുന്നു ഫഡ്‌നാവിസി​ന്‍റെ വാക്കുകൾ. എന്നാൽ, പാർട്ടിക്കത്ത് മുദ്രാവാക്യത്തോട് വിയോജിച്ച  അശോക് ചവാനെ കുറിച്ച് ഫഡ്‌നാവിസ് മൗനം പാലിച്ചു. ‘എ​ന്‍റെ രാഷ്ട്രീയം വ്യത്യസ്തമാണ്. 

മുദ്രാവാക്യം നല്ലതല്ലെന്നും അപ്രസക്തമാണെന്നും മഹാരാഷ്ട്രയിലെ ജനങ്ങൾ ഇത് വിലമതിക്കില്ലെന്നും പൊതുതെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് പുറത്തുകടന്ന് ബി.ജെ.പിയിൽ ചേർന്ന മുൻ മുഖ്യമന്ത്രി അശോക് ചവാനും പറഞ്ഞു. ‘വികസനത്തിനു മാത്രം പ്രവർത്തിക്കണമെന്നാണ് എ​ന്‍റെ വിശ്വാസം. ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും അവരുടേതാക്കുക എന്നതാണ് ഒരു നേതാവി​ന്‍റെ ജോലി. അതിനാൽ, നമ്മൾ ഇത്തരം ഒരു വിഷയവും മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരേണ്ടതില്ല’ -ചവാൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി ഉന്നത നേതൃത്വം കർശനമായ ഹിന്ദുത്വ ലൈൻ ഉയർത്തുന്നതിൽ പലരും നിരാശരാണെന്ന സൂചനയാണിത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ‘ദേശസ്നേഹികളും’ ‘ഔറംഗസേബി​ന്‍റെ അനുയായികളും’ തമ്മിലുള്ള പോരാട്ടമാണെന്നാണ് വ്യാഴാഴ്ച നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

കാവി പാർട്ടി ഭരണഘടനക്ക് ഭീഷണിയാണെന്ന പ്രതിപക്ഷത്തി​ന്‍റെ ആരോപണത്തെ പ്രതിരോധിക്കാനും രാജ്യവ്യാപകമായി ജാതി സെൻസസ് നടത്തണമെന്ന ആഹ്വാനം തടയാനും ബി.ജെ.പിയും ആർ.എസ്.എസും സംയുക്തമായി ആവിഷ്‌കരിച്ച തന്ത്രമാണ് ഈ കടുത്ത പ്രചാരണം എന്ന് കരുതപ്പെടുന്നു. ‘ഭരണഘടനക്കെതിരായ ഭീഷണി’ എന്ന ആഖ്യാനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മങ്ങലേൽപിക്കുന്നുവെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കാതിരിക്കാൻ ‘ഹിന്ദുത്വ ചുറ്റിക’ ഉപയോഗിച്ച് അടിക്കണമെന്നും ബി.ജെ.പി നേതൃത്വം കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയായതിന് പിന്നിൽ ‘വോട്ട് ജിഹാദ്’ ഒരു ഘടകമാണെന്ന് ആവർത്തിച്ച് ആരോപിച്ച് ഫഡ്‌നാവിസ് ആദ്യ ചുവടുവെപ്പ് നടത്തിയിരുന്നു. പിന്നാലെ യോഗി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ ‘ബാത്തേംഗേ’ മുദ്രാവാക്യവും ഉയർത്തി.

Tags:    
News Summary - ‘Batenge’ splits BJP & allies: Hindutva slogan rebuffed, Fadnavis deployed to attack Ajit Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.