ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഷാഗുണ്ടിൽ ടാക്സി ഡ്രൈവറായ മുഹമ്മദ് ശാഫി ലോണിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാലു ഭീകരർ അറസ്റ്റിൽ. ജമ്മു കശ്മീർ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ലഷ്കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിന്‍റെ ആസൂത്രകൻ ലാലാ ഉമറിന്‍റെ നിർദേശ പ്രകാരമാണ് മുഹമ്മദ് ശാഫിയെ വധിച്ചതെന്ന് അറസ്റ്റിലായവർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഒക്ടോബർ അഞ്ചിനാണ് ബന്ദിപ്പോറയിലെ ഷാഗുണ്ടിൽ ടാക്സി കാബ് ഡ്രൈവറായ മുഹമ്മദ് ഷാഫി ലോണിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്.
അന്നേദിവസം മുഹമ്മദ് ഷാഫിയെ കൂടാതെ ഫാർമസി ഉടമയെയും തെരുവു കച്ചവടക്കാരനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. ശ്രീനഗറിലെ ഇഖ്ബാൽ പാർക്കിലെ പ്രമുഖ ബിസിനസുകാരനും ബിന്ദ്രു മെഡിക്കേറ്റ് ഫാർമസി ഉടമയുമായ മഖൻ ലാലിനെയും ലാൽ ബസാറിലെ തെരുവു കച്ചവടക്കാരനായ വീരേന്ദർ പാസ്വാനെയും വധിച്ചത്.
ഒക്ടോബർ ഒമ്പതിന് സുരക്ഷ സേനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മാജിദ് അഹമദ് ഗോജ്രി, മുഹമ്മദ് ശാഫി ദർ എന്നിവരെ ഭീകരർ കൊലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.