അഗർത്തല (ത്രിപുര): നാഷനൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര (എൻ.എൽ.എഫ്.ടി), ഓൾ ത്രിപുര ടൈഗർ ഫോഴ്സ് (എ.ടി.ടി.എഫ്) എന്നീ മിലിറ്റന്റ് ഗ്രൂപ്പുകളിൽ പെട്ട 400ഓളം സായുധ സംഘാംഗങ്ങൾ ചൊവ്വാഴ്ച ആയുധം ഉപേക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു.
സെപ്റ്റംബർ നാലിന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒത്തുതീർപ്പ് കരാർ ഇവർ ഒപ്പുവെച്ചിരുന്നു. ത്രിപുര സ്റ്റേറ്റ് റൈഫിൾസിന്റെ ഏഴാം ബറ്റാലിയന്റെ ജാംപുയിജാലയിലെ ആസ്ഥാനത്താണ് മുഖ്യമന്ത്രി മണിക് സാഹക്ക് മുന്നിൽ ആയുധം സമർപ്പിക്കുകയെന്ന് ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. സംസ്ഥാനത്ത് ശാശ്വത സമാധാനം കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് നടപടി.
1990കളുടെ അവസാനം മുതൽ രണ്ട് പതിറ്റാണ്ടോളം ത്രിപുരയിൽ ഇരു ഗ്രൂപ്പുകളും നാശം വിതച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ കലാപം കാരണം പലായനം ചെയ്യപ്പെട്ടു. രണ്ട് സംഘടനകളിലെയും സായുധ സംഘാംഗങ്ങളുടെ പുനരധിവാസത്തിനായി കേന്ദ്രം 250 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.