ബംഗളൂരു: സസ്‌പെൻഷനിലായ സെൻട്രൽ ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. രാമനഗര ജില്ലയിലെ വീടിന് സമീപം തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് ബിഡദി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദിനകർ ഷെട്ടി പറഞ്ഞു. അയൽവാസികൾ കഗ്ഗലിപുര പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഞായറാഴ്ച രാത്രിയാണ് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്തതെന്നും പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായും ദിനകർ ഷെട്ടി അറിയിച്ചു. ശവസംസ്‌കാരം ചൊവ്വാഴ്ച രാമനഗര ജില്ലയിലെ ജന്മഗ്രാമത്തിൽ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരു സി.സി.ബിയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിൽ 25 ദിവസമായി ഇൻസ്പെക്ടർ ജോലി ചെയ്ത് വരികയായിരുന്നു മരണപ്പെട്ട ഉദ്യോഗസ്ഥനെന്ന് അദ്ദേഹം പറഞ്ഞു. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന്‍റെ പേരിലാണ് മുമ്പ് സസ്പെൻഷൻ ഉണ്ടായത്. സ്ഥലം മാറ്റം ലഭിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നാണ് റിപ്പോർട്ടെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.