ന്യൂഡൽഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട 543 ലോക്‌സഭാംഗങ്ങളിൽ 251 പേർക്കെതിരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്നും അവരിൽ 27 പേർ കുറ്റക്കാരാണെന്നും തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്( എ.ഡി.ആർ) പുറത്തുവിട്ടു. മൊത്തം അംഗങ്ങളുടെ 46 ശതമാനം വരും ഇവർ.
അംഗങ്ങളിൽ 170 പേർ (31 ശതമാനം) ബലാത്സംഗം, കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഗുരുതരമായ കേസുകൾ നേരിടുന്നു. പാർലമെന്റിന്റെ അധോസഭയിലെത്തുന്ന ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരിൽ ഏറ്റവും കൂടുതൽ എണ്ണമാണിത്തവണത്തേത്.
2014ൽ 185, 2009ൽ 162, 2004ൽ 125 എം.പിമാർ എന്നിങ്ങനെയായിരുന്നു കണക്ക്. ഗുരുതരമായ ക്രിമിനൽ കേസുകൾ പ്രഖ്യാപിച്ച എം.പിമാരുടെ എണ്ണത്തിൽ 2009 മുതൽ 124 ശതമാനം വർധനവുണ്ടായി.
18ാം ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പിയുടെ വിജയിച്ച 240 സ്ഥാനാർഥികളിൽ 94 പേരും കോൺഗ്രസിന്റെ വിജയിച്ച 99 സ്ഥാനാർത്ഥികളിൽ 49 പേരും സമാജ്‌വാദി പാർട്ടിയുടെ 37 സ്ഥാനാർത്ഥികളിൽ 21 പേരും ക്രിമിനൽ കുറ്റം ചുമത്തപ്പെട്ടവരാണ്.
തൃണമൂലിന്റെ 29 സ്ഥാനാർഥികളിൽ 13, ഡി.എം.കെയുടെ 22ൽ 13, ടി.ഡി.പിയുടെ 16ൽ 8, ശിവസേനയുടെ 7 സ്ഥാനാർഥികളിൽ 5 എന്നിവർ ക്രിമിനൽ കുറ്റം നേരിടുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ക്രിമിനൽ കേസുകളുള്ള ഒരു സ്ഥാനാർഥിക്ക് ജയിക്കാനുള്ള സാധ്യത 15.3 ശതമാനമാണെങ്കിൽ ശുദ്ധ പ്രതിച്ഛായയുള്ള സ്ഥാനാർഥിക്ക് ഇത് 4.4 ശതമാനം മാത്രമായിരുന്നുവെന്നും എ.ഡി.ആർ നടത്തിയ വിശകലനത്തിൽ നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.