ഗാന്ധിനഗർ: നർമദ കനാലിൽ ഒഴുക്കിൽപെട്ട യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മുങ്ങിമരിച്ചു. ഗുജറാത്തിലെ കച്ചിൽ ഗുൻഡലയിലാണ് സംഭവം. കനാലിൽ നിന്ന് വെള്ളം എടുക്കുന്നതിനിടെ കാൽ വഴുതി കനാലിലേക്ക് വീണ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ചുപേരും അപകടത്തിൽപ്പെട്ടത്. മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
'മുന്ദ്രയിലെ ഗുൻഡല ഗ്രാമത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ നർമദ കനാലിൽ മുങ്ങി മരിച്ചിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തു. വെള്ളം ശേഖരിക്കുന്നതിനിടയിൽ കാൽ വഴുതി കനാലിലേക്ക് വീണ യുവതിയെ രക്ഷിക്കുന്നതിനിടയിലാണ് അഞ്ചുപേരും അപകടത്തിൽപ്പെട്ടത്' - കച്ച് സൗത്ത് എസ്.പി സൗരഭ് സിങ് പറഞ്ഞു.
സർദാർ സരോവർ ഡാമിൽ നിന്നും ഗുജറാത്തിലേക്കും രാജസ്ഥാനിലേക്കും വെള്ളമെത്തുന്നത് നർമദകനാൽ വഴിയാണ്. നർമ്മദകനാലിലെ വഴുവഴുപ്പുള്ള ചെരുവുകളും ശക്തമായ ജലപ്രവാഹവും ആൽഗകളും കനാലിലെ അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും, നീന്തൽ വിദഗ്ധർക്കുപോലും നീന്തിക്കയറാൻ ബുദ്ധിമുട്ടാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വൈഷ്ണോദേവിക്കും കോംബക്കും ഇടയിലുള്ള നർമദ കനാലിന്‍റെ ഭാഗത്തുനിന്നും കഴിഞ്ഞവർഷം മാത്രം 60ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.