ജമ്മു: ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതിനു പിന്നാലെ ജമ്മു-കശ്മീരിലെ എട്ടു മുതിർന്ന നേതാക്കളും പാർട്ടിയിൽനിന്ന് രാജിവെച്ചു. മുൻ മന്ത്രിമാരടക്കമുള്ള നേതാക്കളാണ് പാർട്ടി പ്രാഥമികാംഗത്വം രാജിവെച്ചത്.
മുൻ മന്ത്രിമാരായ ആർ.എസ്. ചിബ്, ജി.എം. സറൂരി, അബ്ദുൽ റാഷിദ്, മുൻ എം.എൽ.എമാരായ മുഹമ്മദ് അമീൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം, മുൻ എം.എൽ.സി നരേഷ് ഗുപ്ത, സൽമാൻ നിസാമി എന്നിവരാണ് രാജിവെച്ചത്. മുൻ എം.പി ജുഗൽ കിഷോർ ശർമ, മുൻ എം.എൽ.എമാരായ ഹാജി അബ്ദുൽ റാഷിദ്, ചൗധരി മുഹമ്മദ് അക്രം, മുൻ ഉപമുഖ്യമന്ത്രി താര ചന്ദ് എന്നീ നേതാക്കളും വൈകാതെ പാർട്ടി വിടുമെന്ന് ആസാദുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.
കോൺഗ്രസ് പ്രാഥമിക അംഗത്വം അടക്കം മുഴുവൻ പദവികളിൽ നിന്നും രാജിവെച്ചുള്ള കത്ത് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് കൈമാറിയത്. ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കയച്ച രാജിക്കത്തിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. രാഹുലിന് പക്വതയില്ലെന്നും സോണിയ ഗാന്ധിയെ വെറുതെ പാർട്ടി തലപ്പത്ത് ഇരുത്തിയിരിക്കുകയാണെന്നും ഗുലാം നബി കത്തിൽ തുറന്നടിച്ചിരുന്നു.
ആഗസ്റ്റ് 17ന് ജമ്മു കശ്മീർ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം ഗുലാം നബി ആസാദ് രാജിവെച്ചിരുന്നു. പ്രചാരണ സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകൾക്കകമാണ് പദവി രാജിവെച്ചു കൊണ്ടുള്ള കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.