ശ്രീനഗർ: കശ്മീരിൽ അഞ്ച് രാഷ്ട്രീയ നേതാക്കളെ തടങ്കലിൽ നിന്ന് മോചിപ്പിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 148 ദിവസമായി ഇവർ തടവിൽ കഴിയുകയായിരുന്നു.
നാഷനൽ കോൺഫറൻസ് നേതാക്കളായ ഇഷ്ഫാഖ് ജബ്ബാർ, ഗുലാം നബി ഭട്ട്, പി.ഡി.പി നേതാക്കളായ ബഷീർ മിർ, സഹൂർ മിർ, യാസിർ റെഷി എന്നിവരെയാണ് മോചിപ്പിച്ചത്.
അതേസമയം, നാഷനൽ കോൺഫറൻസ് അധ്യക്ഷനും എം.പിയും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മകനും മുൻ മുഖ്യമന്ത്രിയുമായ ഉമർ അബ്ദുല്ല, പി.ഡി.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എന്നിവർ അഞ്ച് മാസത്തോളമായി തടവിൽ തുടരുകയാണ്. ഇവരുടെ മോചനം സംബന്ധിച്ച് കൃത്യമായ വിശദീകരണം കേന്ദ്ര സർക്കാർ നൽകിയിട്ടില്ല. അനുയോജ്യമായ സമയത്ത് ഇവരെ മോചിപ്പിക്കും എന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്.
ആഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെ മുഴുവൻ തടവിലാക്കിയത്. വിഘടനവാദ പ്രവർത്തനങ്ങൾ തടയുന്നതിന്‍റെ ഭാഗമായാണ് നേതാക്കളെ തടവിലിട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.