സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് വിറ്റഴിച്ചത് 30 കോടി ദേശീയ പതാകകൾ ആണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഹർ ഘർ തിരംഗ' എന്ന ആവശ്യമാണ് പതാകക്ക് ആവശ്യക്കാരുടെ എണ്ണം കൂടാൻ ഇടയാക്കിയത്. ഇതുവഴി 500 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സി.എ.ഐ.ടി) അറിയിച്ചു.
15 ദിവസത്തിനിടെ ദേശീയ പതാകയുമായി ബന്ധപ്പെട്ട് രാജ്യത്താകെ മൂവായിരത്തിലധികം പരിപാടികൾ വിവിധ വ്യവസായ പ്രമുഖരും മറ്റു മേഖലകളിലുള്ളവരും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സി.എ.ഐ.ടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും സെക്രട്ടറി ജനറൽ പ്രവീൺ ഘൻഡേൽവാലും അറിയിച്ചു. 20 ദിവസത്തിനിടെ ജനങ്ങളുടെ ആവശ്യാനുസരണം 30 കോടിയിലധികം ദേശീയ പതാക നിർമിക്കാൻ ഇന്ത്യയിലെ വ്യവസായികൾക്ക് കഴിഞ്ഞു എന്നത് അവരുടെ പ്രാപ്തിയും കഴിവും തെളിയിക്കുന്നതാണെന്നും സി.എ.ഐ.ടി പ്രതിനിധികൾ അറിയിച്ചു.
പതാക പോളിസ്റ്റർ തുണി ഉപയോഗിച്ച് മെഷീനിൽ നിർമിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് നിർമാണം വേഗത്തിലാക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. നേരത്തെ ഖാദി അല്ലെങ്കിൽ പരുത്തിത്തുണിയിൽ മാത്രമേ ദേശീയ പതാക നിർമിക്കാൻ അനുവദിച്ചിരുന്നുള്ളൂ. ഇത്തരത്തിൽ ഫ്ലാഗ് നിയമം പുനഃക്രമീകരിച്ചതിനാൽ നിരവധി പേർക്ക് വീടുകളിൽതന്നെ ചെറിയ സംവിധാനത്തിൽ പതാക നിർമിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പത്തു ലക്ഷം ആളുകൾക്ക് ഇതിലൂടെ സ്വയം തൊഴിൽ ലഭിച്ചെന്നും ഇവർ അഭിപ്രായപ്പെടുന്നു. കേരളത്തിൽ കുടുംബ ശ്രീ യൂനിറ്റുകൾ വഴിയും പതാകകൾ നിർമിച്ച് വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.