മധുര: മധുരയിലെ ആവണിയാപുരത്ത് നടന്ന ജെല്ലിക്കെട്ടിൽ 60 പേർക്ക് പരിക്കേറ്റു. 20 പേർക്ക് സാരമായ പരിക്കാണുള്ളത്. ഇവരെ രാജാജി ആശുപത്രിയിലേക്ക് മാറ്റി. നിസാര പരിക്കുകളുള്ള 40 പേർക്ക് പ്രാഥമിക ചികിത്സ നൽകി. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് മധുര ജില്ല കലക്ടർ അനീഷ് ശേഖർ പറഞ്ഞു. പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കുകളുണ്ടായിട്ടും ജെല്ലിക്കെട്ട് പരിപാടി ഇന്നലെ വൈകുന്നേരം നാല് മണി വരെ തുടർന്നു. പരിക്കേൽക്കുന്നവർക്ക് മികച്ച വൈദ്യസഹായം നൽകുമെന്നും അതിന് എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും മധുര കലക്ടർ നേരത്തെ പറഞ്ഞിരുന്നു.
'ഏരു തഴുവുതാൽ', 'മഞ്ചുവിരാട്ട്' എന്നീ പേരിലും അറിയപ്പെടുന്ന ജെല്ലിക്കെട്ട് പൊങ്കൽ ആഘോഷത്തോട് അനുബന്ധിച്ച് മാട്ടുപൊങ്കൽ ദിനത്തിലാണ് നടക്കുന്നത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പാലമേട്ടിലും അളങ്ങനല്ലൂരിലും കൂടുതൽ ജെല്ലിക്കെട്ട് പരിപാടികൾ നടക്കും. പങ്കെടുക്കാൻ 300 പേരെയും 150 കാണികളെയും മാത്രമേ ജെല്ലിക്കെട്ടിൽ അനുവദിക്കുകയുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.