ബംഗളൂരു: പൊലീസ് പരസ്യമായി അധിക്ഷേപിച്ചതിൽ മനംനൊന്ത് 63കാരൻ ജീവനൊടുക്കി. ഉത്തരകന്നഡ ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പൊതുമധ്യത്തിൽ വെച്ച് ഇയാളോട് മോശമായി പെരുമാറുകയായിരുന്നു. സംഭവത്തിൽ ബട്കല ടൗൺ എസ്.ഐക്കെതിരെ പരാതിയുമായി മരണപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
അപകടമുണ്ടായതിന് പിന്നാലെ എസ്.ഐ സ്ഥലത്തെത്തുകയും 63കാരനെ പൊതുമധ്യത്തിൽ വെച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ഇദ്ദേഹത്തിന്‍റെ ബൈക്കും കണ്ടുകെട്ടിയിരുന്നു. ഓട്ടോറിക്ഷ ഡ്രൈവർ തന്‍റെ സഹോദരനുമായി അപകടത്തിന് ശേഷം സംസാരിച്ച് ധാരണയിലെത്തിയിരുന്നുവെങ്കിലും പൊലീസുകാരന്‍റെ പ്രവർത്തിയിൽ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണപ്പെട്ടയാളുടെ സഹോദരൻ ആരോപിച്ചു. സംഭവത്തെ കുറിച്ചും അതുമൂലം തനിക്ക് മാനസികമായി പ്രയാസമുണ്ടായിട്ടുണ്ടെന്നും മരണപ്പെട്ട വ്യക്തി കുടുംബത്തോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നുവെന്നും പരാതിക്കാരൻ പറഞ്ഞു.
സംഭവത്തിൽ എസ്.ഐക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ഉത്തരകന്നഡ എസ്.പി പി. വിഷ്ണുവർധൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.