അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യയിലെ ക്രൂരതയുടെ നേർക്കാഴ്ചയായ നരോദഗാം കൂട്ടക്കൊലയിൽ 67 പ്രതികളെയും അഹ്മദാബാദ് പ്രത്യേക കോടതി വെറുതെവിട്ടു. 2002ൽ അഹ്മദാബാദിലെ നരോദഗാമിൽ 11 മുസ്ലിംകളെ കൊലപ്പെടുത്തുകയും അവരുടെ വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്ത കേസിലാണ് വിധി. നേരത്തെ നരോദപാട്യ കൂട്ടക്കൊലക്കേസിൽ പ്രതിയായ, ഗുജറാത്ത് മുൻ മന്ത്രി മായ കോട്നാനി അടക്കമുള്ള പ്രതികളെയാണ് എസ്.ഐ.ടി കേസുകളുമായി ബന്ധപ്പെട്ട പ്രത്യേക കോടതി ജഡ്ജി എസ്.കെ ബക്സി കുറ്റമുക്തരാക്കിയത്.
വി.എച്ച്.പി നേതാവ് ജയ്ദീപ് പട്ടേൽ, ബജ്റംഗദൾ നേതാവ് ബാബു ബജ്റംഗി എന്നിവരും വെറുതെ വിട്ടവരിൽപെടും. ആകെയുള്ള 86 പ്രതികളിൽ 18 പേർ വിചാരണ കാലയളവിൽ മരിച്ചു. ഒരാളെ നേരത്തെ കുറ്റമുക്തനാക്കിയിരുന്നു. അന്യായമായ വിധിക്കെതിരെ ഗുജറാത്ത് ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന് ഇരകളുടെ അഭിഭാഷകൻ സംഷാദ് പത്താൻ പ്രതികരിച്ചു.
‘‘ഇരകൾക്കെതിരെ മാത്രമല്ല, 86 പ്രതികൾക്കെതിരെയും കൃത്യമായി കുറ്റം ചുമത്തിയ പ്രത്യേക അന്വേഷണസംഘത്തിനും എതിരെയാണ് ഈ വിധി. വിധി സുപ്രീംകോടതിക്കും എതിരാണ്. 20 വർഷം കടന്നുപോയെങ്കിലും ഇരകൾക്ക് നീതി ലഭിക്കുകതന്നെ ചെയ്യും’’ -സുപ്രീംകോടതി നിയോഗിച്ചതാണ് പ്രത്യേക അന്വേഷണസംഘമെന്ന കാര്യം സൂചിപ്പിച്ച് അഭിഭാഷകൻ കൂട്ടിച്ചേർത്തു.
എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെവിട്ടതെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ പത്താൻ, ഉത്തരവിന്റെ പകർപ്പിനായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ‘‘പ്രതികൾക്കെതിരെ ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് മുതൽ മൊബൈൽ ടവർ ലൊക്കേഷൻ വരെയുള്ള എല്ലാ തെളിവുകളും ഉണ്ടായിരുന്നു’’ -അദ്ദേഹം പറഞ്ഞു.
വംശഹത്യകാലത്തെ നരേന്ദ്ര മോദി സർക്കാറിൽ മന്ത്രിയായിരുന്ന മായ കോട്നാനിക്കുവേണ്ടി 2017ൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിഭാഗം സാക്ഷിയായി കോടതിയിൽ ഹാജരായിരുന്നു. 97 പേർ കൂട്ടക്കുരുതിക്ക് ഇരയായ, വംശഹത്യകാലത്തെ നരോദപാട്യ കൂട്ടക്കൊലയിലും പ്രതി ചേർക്കപ്പെട്ട മായ കോട്നാനിയെ 28 വർഷം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് ഗുജറാത്ത് ഹൈകോടതി ഇവരെ കുറ്റമുക്തയാക്കിയിരുന്നു.
‘‘പ്രതി ചേർക്കപ്പെട്ട എല്ലാവരെയും വെറുതെവിട്ടു. വിധിയുടെ പകർപ്പിന് കാത്തിരിക്കുകയാണ്’’ -പ്രതിഭാഗം അഭിഭാഷകൻ പ്രതികരിച്ചു. സുപ്രീംകോടതി നിയോഗിച്ച പ്രത്യക അന്വേഷണ സംഘം അന്വേഷിച്ച, വംശഹത്യകാലത്തെ ഒമ്പത് പ്രധാന കൂട്ടക്കൊലകളിൽ ഒന്നാണ് നരോദ ഗാം സംഭവം. ബിൽകീസ് ബാനു ബലാത്സംഗ കേസിലെ കുറ്റവാളികളെ കാലാവധി കഴിയും മുമ്പേ വിട്ടയച്ച സംഭവത്തിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി കടുത്ത പരാമർശങ്ങൾ നടത്തിയ സാഹചര്യത്തിലാണ്, മറ്റൊരു പ്രമാദ കേസിൽ മുഴുവൻ പ്രതികളെയും വിട്ടയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.