ന്യൂഡൽഹി: ലിബിയയില്‍ ഏഴ് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബര്‍ 14ന് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ മോചപ്പിക്കാനായി ശ്രമം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.
ലിബിയയിൽ എണ്ണ ഉത്പാദന, വിതരണ മേഖലയില്‍ ജോലി ചെയ്തിരുന്നആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍. അഷ്‍വരിഫ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവമുണ്ടായത്. നാട്ടിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാറുമായും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ടതായി ശ്രീവാസ്തവ അറിയിച്ചു.
തുണീഷ്യയിലെ ഇന്ത്യന്‍ എംബസിയും ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴ് പേരും സുരക്ഷിതരാണെന്നും അവരുടെ കുടുംബവുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എത്രയും പെട്ടെന്ന് മോചിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയതായും ശ്രീവാസ്തവ പറഞ്ഞു.
സുരക്ഷ പരിഗണിച്ച് ലിബിയയിലേക്ക് പോകുന്നവര്‍ക്ക് 2015ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. 2016ല്‍ ലിബിയയിലേക്ക് ഏർപെടുത്തിയ യാത്ര വിലക്ക് ഇപ്പോഴും തുടരുന്നുണ്ട്. ആദ്യമായല്ല ലിബിയയില്‍ വെച്ച് ഇന്ത്യക്കാര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത്. 2015ല്‍ നാല് ഇന്ത്യക്കരെ തട്ടിക്കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.