നേപ്പാൾ മണ്ണിടിച്ചിലിൽ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; മരിച്ചത് നദിയിൽ പതിച്ച ബസിലെ യാത്രക്കാർ

കാഠ്മണ്ഡു: സെൻട്രൽ നേപ്പാൾ ദേശീയപാതയിൽ മണ്ണിടിച്ചിലിനെയും ഉരുൾപൊട്ടലിനെയും തുടർന്ന് ടൂറിസ്റ്റ് ബസുകൾ നദിയിൽ പതിച്ചുണ്ടായ അപകടത്തിൽ ഏഴ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മരിച്ച ഇന്ത്യക്കാർ ബിർഗഞ്ചിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണെന്ന് ഇന്ത്യടുഡെ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ സെൻട്രൽ നേപ്പാളിലെ മദാൻ-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്-മഗ്ലിങ് റോഡിനോട് ചേർന്നുള്ള സിമാൽതൽ പ്രദേശത്താണ് സംഭവം. അപകടത്തിൽപ്പെട്ട ബസിൽ നിന്ന് മൂന്ന് യാത്രക്കാർ ചാടി രക്ഷപ്പെട്ടു. നേപ്പാൾ പൊലീസിന്‍റെ നേതൃത്വത്തിൽ കാണാതായവർക്കായി ത്രിശൂലി നദിയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും കാഠ്മണ്ഡുവിൽ നിന്ന് റൗത്തഹട്ടിലെ ഗൗറിലേക്ക് വരികയായിരുന്ന ഗണപതി ഡീലക്സ് ബസുമാണ് അപകടത്തിൽപ്പെട്ടത്. എയ്ഞ്ചൽ ബസിൽ 24 യാത്രക്കാരും ഗണപതി ഡീലക്സ് ബസിൽ 41 യാത്രക്കാരും ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തിൽപ്പെട്ട ഗണപതി ബസിലെ മൂന്നു യാത്രക്കാരാണ് ചാടി രക്ഷപ്പെട്ടത്.

ഹിമാലയൻ രാജ്യമായ നേപ്പാളിൽ തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി റോഡുകളിലും ഹൈവേകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കാഠ്മണ്ഡു-ചിത്വാനിലെ ഭരത്പൂരിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

Tags:    
News Summary - 7 Indians killed as tourist buses fall into swollen river after landslide in Nepal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.