പാട്ന: കാറിടിച്ചശേഷം റോഡിലൂടെ വലിച്ചിഴക്കുന്ന സംഭവം നിരന്തരം വാർത്തയായിക്കൊണ്ടിരിക്കുകയാണ്. പുതുവർഷ പിറവിയിൽ രാജ്യത്തെ തന്നെ ഞെട്ടിച്ച് ഡൽഹിയിലാണ് കാറിടിച്ച യുവതിയെ കിലോമീറ്ററുകൾ വലിച്ചിഴച്ച സംഭവം ഈ വർഷം റിപ്പോർട്ട് ചെയ്തത്. ഇപ്പോഴിതാ ബിഹാറിൽ സമാന സംഭവം അരങ്ങേറിയിരിക്കുന്നു.
വയോധികനെ കാറിടിച്ച ശേഷം എട്ടു കിലോമീറ്ററോളം വലിച്ചിഴച്ചതായാണ് റിപ്പോർട്ടുകൾ. അപകടത്തിനൊടുവിൽ വയോധികൻ മരണപ്പെട്ടു.
ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ ദേശീയപാത 27 ലാണ് സംഭവം. ജില്ലയിലെ കോട്‌വ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബംഗ്ര ഗ്രാമത്തിൽ താമസിക്കുന്ന 70 കാരനായ ശങ്കർ ചൗധറാണ് കൊല്ലപ്പെട്ടത്.
സൈക്കിൾ യാത്രികനായ ശങ്കർ ചൗധർ ബംഗ്ര ചൗക്കിന് സമീപം എൻ.എച്ച് 27 മുറിച്ചുകടക്കുമ്പോൾ ഗോപാൽഗഞ്ച് ടൗണിൽ നിന്ന് അമിതവേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ചൗധർ കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണു. അദ്ദേഹം കാറിന്റെ വൈപ്പറിൽ പിടിച്ച് കിടക്കുകയും കാർ നിർത്താൻ കരഞ്ഞുകൊണ്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുണ്ട്. നാട്ടുകാരും കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ കാർ നിർത്താതെ അതേ വേഗതയിൽ തന്നെ ഓടിച്ചുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ആളുകൾ പിന്തുടരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ, കോട്‌വയിലെ കദം ചൗക്കിന് സമീപം ഡ്രെവർ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ ശങ്കർ വൈപ്പറിൽ നിന്ന് പിടിവിട്ട് കാറിനു മുന്നിലേക്ക്‍ വീണു. ഈ സമയം ഡ്രൈവർ കാറിൽ നിന്നിറങ്ങി ശങ്കറിനെ ചവിട്ടികൊണ്ട് ഓടി രക്ഷപ്പെട്ടു. പ്രതിയുടെ ചവിട്ടേൽക്കുക കൂടി ചെയ്തതോടെ ശങ്കർ മരിച്ചു.
സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിർദേശം നൽകിയതായി കോട്വ പൊലീസ് സ്റ്റേഷൻ മേധാവി അനൂജ് കുമാർ പറഞ്ഞു. പിപ്രകോതി പൊലീസ് കാർ കസ്റ്റഡിയിലെടുത്തെങ്കിലും ഡ്രൈവറും കാറിലുണ്ടായിരുന്നവരും രക്ഷപ്പെട്ടിരുന്നു. ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.