ഹൈദരാബാദ്: എഴുപതുകാരിയും നിരക്ഷരയുമായ തെലുങ്ക് സ്ത്രീ പെട്ടെന്ന് അമേരിക്കൻ ഉച്ചാരണത്തിൽ സംസാരിക്കാൻ തുടങ്ങിയതായി റിപ്പോർട്ട്. വയോധികക്ക് ഫോറിൻ ആക്സന്റ് സിൻഡ്രോം (എഫ്.എ.എസ്) എന്ന രോഗാവസ്ഥ ബാധിച്ചിരിക്കാമെന്ന് മെഡിക്കൽ സംഘം പറയുന്നു. മസ്തിഷ്കത്തിന്റെ സ്പീച്ച് ഏരിയയിൽ സ്ട്രോക്ക് മൂലമുണ്ടാകുന്ന അപൂർവ രോഗമാണ് എഫ്.എ.എസ് എന്ന് ഹൈദരാബാദിലെ മുതിർന്ന ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ പറഞ്ഞു.
വയോധികയുടെ അവസ്ഥയെ കുറിച്ചും ഡോക്ടർ സുധീർ ട്വിറ്ററിൽ വിവരങ്ങൾ പങ്കുവെച്ചു. "ഒരു വർഷം മുമ്പ്, വയോധികയെ അവരുടെ മകൻ പരിശോധനക്കായി കൊണ്ടുവന്നു. മകന്റെ അഭിപ്രായത്തിൽ, രാവിലെ എഴുന്നേറ്റത് മുതൽ അമ്മ അമേരിക്കൻ ഉച്ചാരണത്തിൽ തെലുങ്ക് സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. അമ്മ നിരക്ഷരയാണെന്നും യു.എസിൽ അവർക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലായെന്നും അവിടേക്കൊന്നും യാത്ര പോയിട്ടില്ലെന്നും മകൻ പറഞ്ഞു.
ഉച്ചാരണത്തിലെ പെട്ടെന്നുള്ള മാറ്റം ഒരു ന്യൂറോളജിക്കൽ പ്രശ്‌നമാകാം. ഇത് തലച്ചോറിന്റെ സ്പീച്ച് ഏരിയക്ക് കേടുപാടുകൾ വരുത്തിയേക്കാം. മിക്കപ്പോഴും സ്ട്രോക്കിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. കൃത്യമായ പരിശോധനക്കും എം.ആർ.ഐക്കും രോഗം നിർണയിക്കാൻ കഴിയും. മിക്ക കേസുകളിലും വൈദ്യസഹായം മതിയാകും. മാറിയ ഉച്ചാരണം വളരെക്കാലം നിലനിൽക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.