ബംഗളൂരു: നഗരത്തിലെ ഇംഗ്ലീഷ് ലെക്ചറായ ഓട്ടോ ഡ്രൈവറുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പട്ടാഭിരാമൻ എന്ന ഓട്ടോ ഡ്രൈവറുടെ കഥ നിഖിത എന്ന യുവതിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹൈവേയിൽ ഒറ്റപ്പെട്ടുപോയപ്പോഴാണ് നിഖിത പട്ടാഭിരാമനെന്ന ഓട്ടോ ഡ്രൈവറെ പരിചയപ്പെടുന്നത്.
ഒറ്റക്ക് നിൽക്കുന്ന നിഖിതക്ക് മുന്നിൽ ഓട്ടോ നിർത്തി പട്ടാഭിരാമൻ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. സഹായവാഗ്ദാനം കന്നഡയിലോ മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളിലോ ആയിരുന്നില്ല. നല്ല ഒഴുക്കൻ ഇംഗ്ലീഷ് ഭാഷയിലായിരുന്നു ക്ഷണം. ഇംഗീഷ് ഭാഷയിലുള്ള ഓട്ടോ ഡ്രൈവറുടെ ക്ഷണത്തിൽ നിഖിത ആദ്യമൊന്ന് അമ്പരന്നുവെങ്കിലും പിന്നീട് പട്ടാഭിരാമന്റെ കഥയറിയാൻ ശ്രമിച്ചു.
എം.എ, എം.എഡ് പാസായ പട്ടാഭിരാമൻ ദീർഘകാലം മുംബൈയിൽ ഇംഗ്ലീഷ് ലെക്ചററായി ജോലി ചെയ്തിട്ടുണ്ട്. 60-ാം വയസ്സിൽ ജോലിയിൽനിന്നും വിരമിച്ചതിന് പിന്നാലെയാണ് കർണാടകയിൽ എത്തുന്നത്. മുംബൈയിൽ സ്വകാര്യ കോളജിൽ ജോലി ചെയ്തതിനാൽ പെൻഷൻ ലഭിച്ചിരുന്നില്ല. അങ്ങനെയാണ് കർണാടകയിൽ മറ്റൊരു ജോലി കണ്ടെത്താൻ ശ്രമമാരംഭിച്ചത്.
സ്വകാര്യ കോളജുകളിൽ അധ്യാപകർക്ക് ലഭിക്കുന്ന വേതനം കുറവായതിനാൽ ഓട്ടോയുമായി നിരത്തിലേക്ക് ഇറങ്ങുകയായിരുന്നു. തനിക്കും തന്റെ ഗേൾഫ്രണ്ടിനും ജീവിക്കാനുള്ള പണം ഓട്ടോയോടിച്ച് ലഭിക്കുമെന്ന് പട്ടാഭിരാമൻ ചെറു ചിരിയോടെയാണ് പറയുന്നതെന്ന് നിഖിത കുറിച്ചു.
കർണാടകയിലെ വീട്ടുവാടകക്കുള്ള പണം മാത്രം മക്കൾ തരും. ബാക്കി ചെലവിനുള്ള തുക ഓട്ടോയോടിച്ച് ഉണ്ടാക്കും. ഇപ്പോൾ തന്റെ റോഡിലെ രാജാവ് താനാണെന്നും തനിക്ക് ഇഷ്ടമുള്ളപ്പോൾ ജോലി ചെയ്യാമെന്ന സ്വാതന്ത്ര്യമാണ് ഓട്ടോ നൽകുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.