മലപ്പുറം: രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ വിവിധ ഏജൻസികൾ പിടികൂടിയത് 7401 കിലോ സ്വർണം. 2019 ഏപ്രിൽ ഒന്നുമുതൽ 2023 ഫെബ്രുവരി 28 വരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) കസ്റ്റംസിന്റെ വിവിധ വിഭാഗങ്ങളും വിമാനത്താവളങ്ങളിൽനിന്ന് പിടികൂടിയ സ്വർണത്തിന്റെ കണക്കാണിത്. 11,827 കേസിലായാണ് ഇത്രയും സ്വർണം പിടികൂടിയത്.
2019-20ൽ 2629.55 കിലോ, 2020-21ൽ 1000.5, 2021-22 ൽ 1239.87, 2022-23 (ഏപ്രിൽ മുതൽ ഫെബ്രുവരി വരെ)- 2531.97 കിലോയുമാണ് പിടിച്ചത്. ഈ കാലയളവിൽ കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നായി പിടിച്ചത് 1562.71 കിലോ സ്വർണമാണ്. സ്വർണക്കടത്തിന് വിവിധ വിമാനത്താവളങ്ങളിൽനിന്നായി 87 ക്യാബിൻ ക്രൂവിനെയും പിടികൂടി. കേന്ദ്രസർക്കാർ കണക്കുപ്രകാരം രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ ഏറ്റവും കൂടുതൽ സ്വർണക്കടത്ത് നടന്നത് മുംബൈ, ഡൽഹി, ചെന്നൈ, കരിപ്പൂർ വിമാനത്താവളങ്ങളിലാണ്. യഥാക്രമം 1185.8, 1076.98, 1029.09, 904.25 കിലോയാണ് പിടിച്ചത്.
കേരളത്തിൽ ഈ കാലയളവിൽ കരിപ്പൂർ -904.25 കിലോ, കൊച്ചി -471.21, തിരുവനന്തപുരം -187.25 കിലോയുമാണ് പരിശോധനയിൽ ലഭിച്ചത്. തിരുച്ചിറപ്പള്ളി -347.04, ഹൈദരാബാദ് -316.5, അഹ്മദാബാദ് -265.71, ബംഗളൂരു -189.29 കിലോ എന്നിങ്ങനെയാണ് മറ്റ് പ്രധാന വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത്. കോവിഡ് രൂക്ഷമായ 2020-21ൽ ചെന്നൈയിലും കരിപ്പൂരിലുമായിരുന്നു കൂടുതൽ കടത്ത്.
ചെന്നൈ-150.92 കിലോ, കരിപ്പൂർ-146.86 കിലോ. കഴിഞ്ഞ സാമ്പത്തികവർഷം കൂടുതൽ സ്വർണം പിടിച്ചത് കരിപ്പൂരിൽനിന്നാണ്. 204.51 കിലോ. ചെന്നൈയാണ് രണ്ടാമത് 179.29. അതേസമയം, 2022 ഏപ്രിൽ മുതൽ 2023 ഫെബ്രുവരി വരെ കൂടുതൽ പിടികൂടിയത് മുംബൈയിലാണ്. 604.5 കിലോ സ്വർണമാണ് ഇവിടെനിന്നുമാത്രം പിടിച്ചത്. ഡൽഹിയിൽ 374.53, ചെന്നൈ 306.36, കരിപ്പൂർ-291.3 കിലോയും പിടിച്ചു. കൊച്ചിയാണ് അഞ്ചാമത്. 154.48 കിലോയാണ് ഇവിടെനിന്ന് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.