ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതെന്ന് കരുതുന്ന എട്ടു വിവിപാറ്റ് (വോട്ട് രസീത്) യന്ത്രങ്ങൾ റോഡരികിലെ ഷെഡിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. വിജയപുര ജില്ലയിലെ ബസവനബാഗേവാഡിയിൽ ദേശീയപാത നിർമാണ പ്രവൃത്തിയിലേർപ്പെടുന്ന തൊഴിലാളികൾ വിശ്രമിക്കുന്ന ഷെഡിൽ കഴിഞ്ഞദിവസമാണ് മെഷീനുകൾ കണ്ടെത്തിയത്.
ചില മെഷീനുകളുടെ പെട്ടി തുറന്ന നിലയിലായിരുന്നു. തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മെഷീനുകൾ പരിശോധിച്ചെങ്കിലും ഇത് എങ്ങനെ ഇവിടെ എത്തിെയന്നതിൽ വ്യക്തതയില്ല. വിജയപുര കലക്ടർ സഞ്ജയ് ബി. ഷെട്ടന്നവർ, എസ്.പി. പ്രകാശ് നികാം എന്നിവരും സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് നൂറുകണക്കിന് പേരാണ് സ്ഥലത്തെത്തിയത്.
ബി.ജെ.പി സ്ഥാനാർഥി ബസനഗൗഡ ആർ. പാട്ടീൽ ആറായിരത്തേളം വോട്ടുകൾക്ക് ജയിച്ച വിജയപുര മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് ബസവനബാഗേവാഡി. എതിർസ്ഥാനാർഥി അബ്ദുൽ ഹമീദിെൻറ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. വോട്ടെടുപ്പിൽ ബി.ജെ.പി. കൃത്രിമം കാണിച്ചതായി ഇവർ ആരോപിച്ചു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിട്ടേണിങ് ഒാഫിസർമാർ മനഃപൂർവം മെഷീനുകൾ മാറ്റി സ്ഥാനാർഥികളിൽ ആരെയെങ്കിലും സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം, വിജയപുരയിൽ കണ്ടെത്തിയ വിവിപാറ്റ് മെഷീനുകൾക്ക് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ സഞ്ജീവ് കുമാർ പറഞ്ഞു. മെഷീനുകൾ എവിടെയാണെന്ന് അറിയാൻ കഴിയുന്ന ഇലക്ട്രോണിക് ട്രാക്കിങ് സിസ്റ്റമുള്ള വിവിപാറ്റുകളാണ് ഇത്തവണ ഉപയോഗിച്ചത്. ഇവിടെനിന്ന് കണ്ടെത്തിയവയിൽ അതില്ല. എങ്കിലും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.