മുംബൈ: ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മുംബൈ ആരേ കോളനി മേഖലയിലെ 800 ഏക്കർ സ്ഥലം മഹാരാഷ്ട്ര സർക്കാർ വനമേഖലയായി പ്രഖ്യാപിച്ചു. ഇതോടുകൂടി ഇവിടെ വൻ തോതിൽ പരിസ്ഥിതി നാശത്തിന് കാരണമാകുന്ന മുംബൈ മെട്രോ റെയിലിന്‍റെ കാർ ഷെഡ് പദ്ധതി നടപ്പാവില്ല. നൂറുണക്കിന് മരങ്ങളും കണ്ടൽക്കാടുകളും മുറിച്ച് നടപ്പാക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകർ വൻ പ്രതിഷേധം ഉയർത്തിയിരുന്നു.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ആരേ മേഖലയെ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ചത്. കാർ ഷെഡ് പദ്ധതി കാൻജുർമാഗിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ആരേ മേഖലയിൽ നിലവിൽ പൂർത്തിയായ നിർമാണ പ്രവർത്തനങ്ങൾ മറ്റ് പൊതുതാൽപര്യ പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
മുംബൈയുടെ ശ്വാസകോശമെന്നറിയപ്പെടുന്ന മേഖലയാണ് ആരേ. കഴിഞ്ഞ വർഷം ഒക്ടോബറിൽ രണ്ടു ദിവസം കൊണ്ട് 2141 മരങ്ങൾ ഇവിടെ വെട്ടിമാറ്റിയിരുന്നു. പ്രതിഷേധം ശക്തമായതോടെ മരംമുറിക്കലിന് സുപ്രീംകോടതി താൽക്കാലിക വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു.
ആരേയിൽ നേരത്തെ മരംമുറിക്കലിനെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവർത്തകർക്കെതിരായ കേസുകൾ പിൻവലിക്കാനും ഉദ്ധവ് താക്കറെ നിർദേശിച്ചിട്ടുണ്ട്.
ബി.ജെ.പിയും ശിവസേനയും സഖ്യമായിരുന്ന കാലത്താണ് പദ്ധതി കൊണ്ടുവന്നത്. എന്നാൽ, ബി.ജെ.പിയുമായി ഇടഞ്ഞ് കോൺഗ്രസും എൻ.സി.പിയുമായി കൈകോർത്ത് സർക്കാറുണ്ടാക്കിയതിന് പിന്നാലെ ശിവസേന ആദ്യം ചെയ്തത് മെട്രോ ഷെഡ് പദ്ധതി നിർമാണം നിർത്തിവെക്കുകയെന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.