ഹരിദ്വാർ: കോവിഡിനിടയിലും ഹരിദ്വാറിൽ നടന്ന മഹാകുംഭമേളയിൽ 91 ലക്ഷം പേർ പങ്കെടുത്തുവെന്ന് അധികൃതർ. ജനുവരി 14 മുതൽ ഏപ്രിൽ 27 വരെ സ്നാനത്തിനെത്തിയവരുടെ കണക്കാണ് പുറത്ത് വിട്ടത്. ഇതിൽ ഏപ്രിലിൽ മാത്രം ഏകദേശം 60 ലക്ഷം ആളുകളെത്തി.
ഏപ്രിൽ 12ന് നടന്ന സ്നാനത്തിൽ 35 ലക്ഷം പേരാണ് പങ്കെടുത്തത്. മാർച്ച് 11ന് ശിവരാത്രി ദിവസം നടന്ന സ്നാനത്തിൽ 32 ലക്ഷം പേരും പങ്കെടുത്തു. ഏപ്രിൽ 14,27 തീയതികളിൽ നടന്ന സ്നാനങ്ങളിൽ യഥാക്രമം 13 ലക്ഷം, 25,000 എന്നിങ്ങനെ ആളുകൾ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു കുംഭമേളയുടെ ചടങ്ങുകൾ നടന്നത്.
സമാധനപരമായി പരിപാടി നടത്തുകയെന്നത് വെല്ലുവിളി നിറഞ്ഞ ദൗത്യമായിരുന്നുവെന്ന് കുംഭമേള ഫോഴ്സ് ഇൻസ്പെക്ടർ ജനറൽ സഞ്ജയ് ഗുൻജ്യാൽ പറഞ്ഞു. അഖാരകളടേയും പ്രാദേശിക ജനങ്ങളുടേയും വളണ്ടിയർമാരുടേയും പിന്തുണകൊണ്ട് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുംഭമേള നടത്താൻ കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കോവിഡ് കാരണം കുംഭമേള ഏപ്രിൽ മാസത്തിൽ മാത്രമാക്കി ചുരുക്കിയെങ്കിലും ആഴ്ചകൾക്ക് മുമ്പ് തന്നെ ഹരിദ്വാറിൽ ആളുകൾ തമ്പടിച്ചിരുന്നു. ഇന്ത്യയിൽ കോവിഡ് രണ്ടാം വ്യാപനം നടക്കുന്ന സമയത്ത് കുംഭമേള നടത്തിയതിനെതിരെ വൻ വിമർശനമുയർന്നിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിന് കുംഭമേളയും ഒരു കാരണമായതായി ആരോപണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.