ന്യൂഡൽഹി: ഡൽഹിയിൽ ദലിത് ബാലികയെ ബലാത്സംഘം ചെയ്തു കൊന്ന സംഭവത്തിൽ പൊലീസിന് നേരെ ഗുരുതര ആരോപണവുമായി കുടുംബം. പൊലീസ് പ്രതികൾക്ക് കൂട്ട് നിന്നുവെന്ന് പെൺകുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. തെളിവ് നശിപ്പിക്കാനായി കുട്ടിയുടെ മൃതദേഹം ദഹിപ്പിക്കാൻ പ്രതികൾക്ക് പൊലീസാണ് ഒത്താശ ചെയ്തത്.
പോസ്റ്റ്മാർട്ടം നടത്താതെ ദഹിപ്പിക്കുന്നതിനിടയിൽ ചിതകെടുത്താൻ ശ്രമിച്ച ബന്ധുക്കളെയും പ്രദേശവാസികളെയും പൊലീസ് തടഞ്ഞു. പൊലീസിന് മുന്നിലിട്ട് പെൺകുട്ടിയുടെ പിതാവിനെ പ്രതികളുടെ ആളുകൾ ചേർന്ന് മർദിച്ചിട്ടും തടഞ്ഞില്ലെന്നും മാതാവ് വെളിപ്പെടുത്തി.
സൗത്ത്വെസ്റ്റ് ഡൽഹിയിലെ ഓൾഡ് നംഗൽ ഗ്രാമത്തിൽ ഞായറാഴ്ച വൈകീട്ടാണു ദലിത് പെൺകുട്ടി ക്രൂരമായ ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ചരയോടെ വീടിന് സമീപത്തെ ശ്മശാനത്തിലെ കൂളറിൽനിന്നു തണുത്ത വെള്ളമെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. വൈകിട്ട് ആറു മണിയോടെ ശ്മശാനത്തിലെ പൂജാരിയും മറ്റു മൂന്നു പേരും വീട്ടിലെത്തി വെള്ളമെടുക്കുന്നതിനിടെ ഷോക്കേറ്റു കുട്ടി മരിച്ചുവെന്ന് അറിയിച്ചു.
ഇതേത്തുടർന്ന് കുട്ടിയുടെ അമ്മ പൊലീസിൽ വിവരമറിയിക്കാൻ ഒരുങ്ങിയപ്പോൾ അതുവേണ്ടെന്നും പോസ്റ്റ്മോർട്ടം സമയത്തു ഡോക്ടർമാർ അവയവങ്ങൾ മുറിച്ചുമാറ്റുമെന്നും അതിനാൽ ഇപ്പോൾ തന്നെ സംസ്കാരം നടത്താമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെ പെൺകുട്ടിയുടെ സംസ്കാരം നടത്തിയെന്നും കുടുംബം പറഞ്ഞു. കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗ്രാമവാസികൾ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയതോടെ പൂജാരി അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.