ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേസുകളിൽ കുടുക്കിയ മാധ്യമപ്രവർത്തകർക്ക് നിയമസഹായം നൽകാൻ മുതിർന്ന മാധ്യമപ്രവർത്തകരുടെ ആഹ്വാനം. ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്റെ അറസ്റ്റ്, പുലിറ്റ്സർ സമ്മാന ജേത്രി സന മട്ടുവിനെ രാജ്യത്തിന് പുറത്തുപോകാൻ അനുവദിക്കാത്തത് തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ ചർച്ചചെയ്യാൻ പ്രസ് ക്ലബ് ഓഫ് ഇന്ത്യ വിളിച്ചു ചേർത്ത യോഗത്തിലാണ് നിർദേശം ഉയർന്നത്. എഫ്.ഐ.ആറുകളുടെ കൂമ്പാരവും ഇ.ഡി റെയ്ഡുകളുമായി മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് ചെറുക്കാനാണ് യോഗതീരുമാനം.
'അപഹരിക്കപ്പെടുന്ന മാധ്യമസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്രത്തിലുള്ള കടന്നുകയറ്റവും' എന്ന വിഷയത്തിൽ ഡൽഹിയിലാണ് യോഗം സംഘടിപ്പിച്ചത്. മാധ്യമസ്വാതന്ത്ര്യത്തിന് ഭംഗം വരുത്തുന്ന വിഷയങ്ങളിൽ ഒരുമിക്കണമെന്നും ജയിലുകളിൽ കഴിയുന്ന മാധ്യമപ്രവർത്തകർക്ക് നിയമസഹായം ഉറപ്പുവരുത്തണമെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ ടി.എൻ. നൈനാൻ ആവശ്യപ്പെട്ടു. കേസുകളിലകപ്പെട്ട മാധ്യമപ്രവർത്തകരെ സഹായിക്കാൻ നമ്മൾ മുന്നിട്ടിറങ്ങണം. പലപ്പോഴും അവരുടെ സ്ഥാപനങ്ങൾപോലും അവരെ സഹായിക്കുന്നില്ല. പ്രസ്താവനകളിറക്കുന്നതുകൊണ്ട് മാത്രം ഇനി ഗുണമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യത്തിന് മുകളിലുള്ള സമ്പൂർണ ആക്രമണത്തിന് നടുവിലാണ് രാജ്യമെന്ന് ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജൻ പറഞ്ഞു.
മുഹമ്മദ് സുബൈറിന്റെ അറസ്റ്റ് പോലെ ഭരണകൂടം നിയമവിരുദ്ധ മാർഗങ്ങൾ അവംലബിക്കുന്നത് കൂടിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. എഡിറ്റേഴ്സ് ഗിൽഡ്, ഇന്ത്യൻ വനിത പത്രപ്രവർത്തക സംഘം, പ്രസ് അസോസിയേഷൻ, ഡൽഹി വർക്കിങ് ജേണലിസ്റ്റ്സ് യൂനിയൻ, ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷൻ, വർക്കിങ് ന്യൂസ് കാമറാമാൻ അസോസിയേഷൻ എന്നീ മാധ്യമകൂട്ടായ്മകൾ ചേർന്നാണ് യോഗം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.