ന്യൂഡൽഹി: ത്രിപുരയിലെ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ രണ്ടു വനിത മാധ്യമപ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. എച്ച്. ഡബ്ല്യു ന്യൂസ് നെറ്റ്വർക്കിലെ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് ഞായറാഴ്ച ത്രിപുര ഉനകോട്ടി ജില്ലയിലെ ഫതിക്റോയ് പൊലീസ് എഫ്്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതാവ് കാഞ്ചൻദാസിെൻറ പരാതിയിൽ ക്രിമിനൽ ഗൂഢാലോചന, സമുദായ സൗഹാർദം തകർക്കൽ, സർക്കാറിനെയും വി.എച്ച്.പിയെയും അധിക്ഷേപിച്ചു തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കേസെടുത്തത്. പോൾ ബസാർ പ്രദേശത്തെ മുസ്ലിം വീടുകൾ സന്ദർശിക്കുന്നതിനിടെ മാധ്യമപ്രവർത്തകർ ത്രിപുര സർക്കാറിനെയും ഹിന്ദു സമുദായത്തെയും അധിക്ഷേപിച്ചതായാണ് കാഞ്ചൻദാസ് പരാതിയിൽ ആരോപിക്കുന്നത്. തങ്ങൾ താമസിക്കുന്ന ധർമനഗറിലെ ഹോട്ടലിൽ രാത്രി പത്തരക്കെത്തിയ പൊലീസ് രാവിലെ 5.30നാണ് എഫ്.ഐ.ആർ കൈമാറിയതെന്നും പൂർണമായി സഹകരിച്ചിട്ടും അഗർതലക്ക് പോകേണ്ട തങ്ങളെ അനങ്ങാൻ അനുവദിച്ചില്ലെന്നും 'ദ വയറി'നോട് മാധ്യപ്രവർത്തകർ പറഞ്ഞു. ഹോട്ടൽ വിടാൻ സമ്മതിച്ച ഇരുവരോടും നവംബർ 21ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.
ത്രിപുര സംഘർഷം പോസ്റ്റ് ചെയ്തതിെൻറ പേരിൽ രണ്ടു അഭിഭാഷകർ, 68 ട്വിറ്റർ അക്കൗണ്ട് ഉടമകൾ, 32 ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾ, രണ്ടു യൂട്യൂബ് അക്കൗണ്ട് ഉടമകൾ എന്നിവർക്കെതിരെ വെസ്റ്റ് അഗർതല പൊലീസ് യു.എ.പി.എ നിയമപ്രകാരം കേസെടുത്തു. ഈ കേസുകൾ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
ഒക്ടോബർ 26ൽ പനിസാഗർ സബ്ഡിവിഷനിലെ വി.എച്ച്.പി റാലിക്കിടെ മുസ്ലിംപള്ളിയും നിരവധി കടകളും ആക്രമിച്ചതിനെ തുടർന്നാണ് ത്രിപുരയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ബംഗ്ലാദേശിൽ ഹൈന്ദവ വിശ്വാസികളെ ആക്രമിച്ചെന്നാരോപിച്ചായിരുന്നു വി.എച്ച്.പിയുടെ പ്രതിഷേധം. മുസ്ലിംപള്ളി തകർത്തെന്ന സമൂഹമാധ്യമ റിപ്പോർട്ടുകൾ പ്രചരിക്കുന്നത് വ്യാജമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശനിയാഴ്ച അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.