ശരത്​ പന്ത്​ (ഇടത്തേയറ്റം), അമ്മാവൻ ഭൂപേഷ്​ ജോഷി എന്നിവർ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തിനൊപ്പം

കുംഭമേളയിലെ കോവിഡ് ടെസ്റ്റ്​ തട്ടിപ്പ് നടത്തിയ കമ്പനി ഉടമകളുടെ ഉന്നത ബി.ജെ.പി ബന്ധം പുറത്ത്​

ഉത്തരാഖണ്ഡിൽ കുംഭമേളയ്ക്കിടെ വ്യാജ കോവിഡ് ടെസ്റ്റ്​ നടത്തിയതിന്‍റെ പേരിൽ അന്വേഷണം നേരിടുന്ന കമ്പനിയുടെ ഉടമകൾക്ക്​ ഉന്നത ബി.ജെ.പി നേതാക്കളുമായി ബന്ധം. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാക്‌സ് കോർപറേറ്റ് സർവീസസ് ആണ് ഹരിദ്വാറിൽ കുംഭമേളയ്ക്കിടയിൽ 98,000 വ്യാജ കോവിഡ് ടെസ്റ്റ് നടത്തിയതിന്‍റെ പേരിൽ അന്വേഷണം നേരിടുന്നത്​. കമ്പനി ഉടമകൾക്ക് മുതിർന്ന ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന വിവരം ദേശീയ മാധ്യമമായ 'ദ വയർ' ആണ്​ പുറത്തുവിട്ടത്​.

കോവിഡ് ടെസ്റ്റ്​ തട്ടിപ്പിൽ ഹരിദ്വാർ പൊലീസ് മാക്‌സ് കമ്പനിക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനിയുമായി സഹകരിക്കുന്ന രണ്ട് ലാബുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. 1987ലെ മഹാമാരി നിയമം, 2005ലെ ദുരന്ത നിവാരണ നിയമം, ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തട്ടിപ്പ്, കൃത്രിമത്വം തുടങ്ങിയുള്ള ഐപിസി വകുപ്പുകൾ എന്നിവ പ്രകാരമാണ് കമ്പനിക്കും രണ്ട് ലബോറട്ടറികൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഏഴു വർഷം തടവും പിഴയുമായിരിക്കും ശിക്ഷ ലഭിക്കുക. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ഉത്തരാഖണ്ഡ് ഹൈകോടതി, എഫ്‌.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാക്‌സിന്‍റെ ഹരജി തള്ളിയിരുന്നു.

കേന്ദ്ര മന്ത്രിസഭയിലെ ഉന്നതരുമായി അടുത്ത ബന്ധം

കമ്പനിയുടെ സ്ഥാപക ഡയറക്​ടർമാരിൽ ഒരാളായ ശരത് പന്തിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ, നരേന്ദ്ര മോദി മന്ത്രിസഭയിലെ പ്രമുഖ മന്ത്രിമാരായ സ്​മൃതി ഇറാനി, ന​രേന്ദ്ര സിങ്​ തോമർ തുടങ്ങിയവരുമായി അടുത്ത ബന്ധമാണുള്ളത്​. ഈ ബന്ധം ഉപയോഗിച്ചാണ്​ കുംഭമേളയിൽ പ​ങ്കെടുക്കുന്ന ലക്ഷത്തോളം ആളുകളുടെ കോവിഡ് പരിശോധന നടത്താനുള്ള കരാർ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഈ കമ്പനിക്ക് ലഭിച്ചത്.

ശരത്​ പന്ത്​ കൃഷി മന്ത്രി നരേന്ദ്ര തോമറിനൊപ്പം

ശരത് പന്ത്, മല്ലിക പന്ത് എന്നിവരാണ് മാക്‌സ് കോർപറേറ്റ് സർവീസസിന്‍റെ സ്ഥാപക ഡയറക്ടർമാർ. ബി.ജെ.പി പശ്ചാത്തലമുള്ളവരാണ് ഇവരുടെ കുടുംബം. ശരത്തിന്‍റെ അമ്മാവൻ ഭൂപേഷ് ജോഷി അന്തരിച്ച മുൻ കേന്ദ്ര പാർലമെന്‍ററി, രാസവള മന്ത്രി അനന്ത് കുമാറിന്‍റെ അടുത്ത സഹായിയായിരുന്നു. കുമാറിനൊപ്പം പ്രവർത്തിച്ചത് സ്ഥിരീകരിച്ച ജോഷി, ഇപ്പോ​​ഴും ഒരു കേന്ദ്ര മന്ത്രാലയത്തിൽ അനൗദ്യോഗികമായി പ്രവർത്തിച്ചുവരുന്നതായി 'ദി വയറി'നോട്​ സമ്മതിച്ചിട്ടുണ്ട്.

കേന്ദ്ര ടെക്‌സ്‌റ്റൈൽ മന്ത്രി സ്മൃതി ഇറാനി, കൃഷി മന്ത്രി നരേന്ദ്ര തോമർ, ധനകാര്യസഹമന്ത്രി അനുരാഗ് താക്കൂർ, മാനവ വിഭവശേഷി വികസന മന്ത്രി രമേശ് പൊക്രിയാൽ നിശാങ്ക് അടക്കമുള്ള കേന്ദ്രമന്ത്രി സഭയിലെ പ്രമുഖരുമായി അടുത്ത ബന്ധമുള്ളവരാണ് ശരത് പന്തും ജോഷിയും. ഇവരെല്ലാമായുള്ള കൂടിക്കാഴ്ചകളുടെ ചിത്രങ്ങൾ ശരത്​ സമൂഹമാധ്യമങ്ങളിലടക്കം പങ്കുവെച്ചിട്ടുമുണ്ട്​. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തുമായും ഇവർക്ക് അടുത്ത ബന്ധമുണ്ട്. റാവത്തുമായി ഇരുവരും നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്​.

ബിസിനസ്​ നേട്ടവും രാഷ്​ട്രീയ നോട്ടവും

ത്രിവേന്ദ്ര സിങ് റാവത്ത് മുഖ്യമന്ത്രിയായിരിക്കെയായിരുന്നു കുംഭമേളയു​ടെ കോവിഡ്​ പരിശോധനക്കുള്ള ടെൻഡർ ക്ഷണിച്ചിരുന്നത്. ഈ സമയത്ത് ത്രിവേന്ദ്രയുമായുള്ള കൂടിക്കാഴ്ചയുടെയും കാൽതൊട്ട്​ വണങ്ങുന്നതിന്‍റെയുമൊ​ക്കെ ചിത്രങ്ങൾ പന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്​. ത്രിവേന്ദ്ര രാജിവച്ച് പുതിയ മുഖ്യമന്ത്രിയായി തിരാത്ത് സിങ് റാവത്ത് അധികാരമേറ്റതിനു പിറകെ അദ്ദേഹത്തെ അഭിനന്ദിച്ചും പന്ത് രംഗത്തെത്തി. പിന്നീട് നേരിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

ശരത്​ പന്ത്​ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്ത് സിങ് റാവത്തിനൊപ്പം

സംസ്ഥാന ആരോഗ്യ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവ മുഖേനയായിരുന്നു സ്വകാര്യ കോവിഡ് പരിശോധന ലബോറട്ടറികളിൽനിന്ന് കുംഭമേള ഭരണസമിതി ടെൻഡർ ക്ഷണിച്ചത്. ഒരു മാസക്കാലത്തേക്കായിരുന്നു കരാർ. സ്വന്തമായി ലാബുണ്ടായിരിക്കണം, നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ്-നാബ്ൾ അംഗീകാരം വേണം, ഐ.സി.എം.ആർ അംഗീകാരം വേണം തുടങ്ങിയ നിബന്ധനകളായിരുന്നു കരാറിനു നിശ്ചയിച്ചിരുന്നത്. എന്നാൽ, ഈ മാനദണ്ഡങ്ങളൊന്നും കമ്പനി പാലിക്കാഞ്ഞതിനാൽ കോവിഡ് പരിശോധന നടത്താനുള്ള യോഗ്യത കമ്പനിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഹരിദ്വാർ ജില്ലാ ഭരണകൂടം ഇവരുടെ അപേക്ഷ തള്ളി. എന്നാൽ, ഈ തീരുമാനം മറികടന്ന് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി കുംഭമേള ഭരണസമിതി കമ്പനിക്ക് തന്നെ കരാർ നൽകുകയും ചെയ്​തു.

കരാറിനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെ ശരത് പന്ത് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രമേശ് പൊക്രിയാൽ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങളും ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​തു. 'മാർഗദർശനങ്ങൾക്ക്​ കോടി കോടി നന്ദി' എന്നാണ്​ നദ്ദക്കൊപ്പമുള്ള ചിത്രത്തിന്‍റെ അടിക്കുറിപ്പ്​.

ശരത്​ പന്ത്​ ബി.ജെ.പി അധ്യക്ഷൻ ജെ.പി.നദ്ദക്കൊപ്പം

മാക്​സ്​ കമ്പനി മൂന്നുകോടിയുടെ തട്ടിപ്പ് നടത്തിയതായാണ് ആരോപണം. കുംഭമേളയ്ക്കിടെ കമ്പനി നടത്തിയതായി അവകാശപ്പെട്ട 98,000 കോവിഡ് പരിശോധനയും വ്യാജമായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കരാർ ലഭിച്ച ശേഷവും കമ്പനിയുടെ തട്ടിപ്പിന് പ്രാദേശിക ഭരണകൂടം കൂട്ടുനിന്നുവെന്നാണ് 'ദി വയർ' റിപ്പോർട്ട്​ ചെയ്യുന്നത്​. കോവിഡ് ടെസ്റ്റ് തട്ടിപ്പിനെക്കുറിച്ച് അധികൃതർക്ക് വിവരമുണ്ടായിരുന്നുവെന്നാണ് സൂചന. കോവിഡ് പരിശോധന ഔദ്യോഗികമായി ആരംഭിക്കുന്നതിനു മുമ്പ്​ തന്നെ കമ്പനി ടെസ്റ്റ് ബില്ലിട്ടു തുടങ്ങിയിരുന്നു. ഇക്കാര്യമെല്ലാം അറിഞ്ഞിട്ടും ഇവരെ ജോലി തുടരാൻ അധികൃതർ അനുവദിക്കുകയും ചെയ്​തു. ആന്‍റിജൻ പരിശോധനയ്ക്ക് 354 രൂപയും ആർടി-പിസിആർ ടെസ്റ്റിന് 500 രൂപയുമായിരുന്നു കമ്പനിക്ക് ലഭിക്കുക. പ്രദേശിക സർക്കാർ അധികൃതരാണ് സാംപിൾ ശേഖരിക്കുന്നതെങ്കിൽ 400 രൂപയും ലഭിക്കും.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ശരത് പന്ത് ശ്രമിക്കുന്നു​ണ്ടെന്നാണ്​ അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച്​ 'ദി വയർ' റിപ്പോർട്ട്​ ​ചെയ്യുന്നത്​. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലുള്ള ദ്വാരഹട്ട് സ്വദേശിയാണ് പന്ത്. ദ്വാരഹട്ട് സീറ്റ്​ തന്നെയാണ്​ ശരത്​ നോട്ടമിടുന്നതും. നിലവിൽ ബി.ജെ.പിയുടെ മഹേഷ് സിങ് നെഗിയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ബലാത്സംഗക്കേസിൽ കുറ്റാരോപിതനായതിനാൽ അടുത്ത തവണ നെഗിക്ക് സീറ്റ് ലഭിക്കാനിടയില്ല. ഈ അവസരം മുൻകൂട്ടിക്കണ്ടാണ് പന്തിന്‍റെ നീക്കം.സീറ്റ് മുന്നിൽക്കണ്ട് കോവിഡ്​ ലോക്​ഡൗൺ കാലത്ത്​ സൗജന്യ ഭക്ഷണ വിതരണമടക്കം കഴിഞ്ഞ ഏതാനും മാസങ്ങളായി പന്ത് മണ്ഡലത്തിൽ സജീവമാണെന്ന് ദ്വാരഹട്ടിലെ മുൻ കോൺഗ്രസ് എം.എൽ.എ മദൻ സിങ് ബിഷ്​ട്​ പറയുന്നു.

Tags:    
News Summary - A firm with links to the BJP is at the heart of the Kumbh Mela Covid testing scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.