താനെയിൽ ഫാക്ടറിയിൽ നിന്ന് വാതകം ചോർന്നത് ഭീതി പരത്തി

താനെ: മുംബൈയിലെ അംബർനാഥിലെ മോറിവ്‌ലി എം.ഐ.ഡി.സി ഏരിയയിലെ കെമിക്കൽ കമ്പനിയിൽ വാതക ചോർച്ചയുണ്ടായത് പരിസരവാസികളിൽ പരിഭ്രാന്തി പരത്തി.

വ്യാഴാഴ്‌ച രാത്രി നിക്കാചെം പ്രോഡക്‌ട്‌സിൽ നടന്ന സംഭവത്തെ തുടർന്ന് നഗരത്തിൽ പുക പടർന്നു. ചിലർക്ക് പുക കാരണം കണ്ണുകൾ, തൊണ്ട എന്നിവിടങ്ങളിൽ നീറ്റൽ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. കെമിക്കൽ ചോർച്ച അംബർനാഥ് നഗരത്തെയാകെ ബാധിച്ചു. രാത്രി ഒമ്പത് മുതൽ അർദ്ധരാത്രി വരെ വാതക ചോർച്ചയും പിന്നീട് അന്തരീക്ഷത്തിൽ രാസവസ്തുക്കൾ പടരുകയുമായിരുന്നു.

സംഭവമറിഞ്ഞ് പൊലീസും എം.ഐ.ഡി.സി അഗ്നിശമന സേനയും അന്തരീക്ഷ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മോറിവ്‌ലി എം.ഐ.ഡി.സി ഏരിയയിലെ പ്ലോട്ട് നമ്പർ 43ൽ സ്ഥിതി ചെയ്യുന്ന നിക്കാചെം പ്രോഡക്ട്‌സ് കെമിക്കൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാക്ടറിയാണ്.

ഫാക്ടറി പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന ഓയിൽ ഡ്രമ്മിലെ രാസപ്രവർത്തനം മൂലമാകാം വാതക ചോർച്ച ഉണ്ടായതെന്ന് അഗ്നിശമന സേനയിലെ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ചോർന്ന വാതകത്തിന്റെ സ്വഭാവം കൃത്യമായി കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - A gas leak from a factory in Thane sparked panic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.