ആഗ്രയെ പൈതൃക നഗരമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് 1984ൽ സമർപിച്ച ഹ​​രജി സുപ്രീംകോടതി തള്ളി

ലക്നോ: ലോകാൽഭുതങ്ങളിലൊന്നായ താജ്മഹലി​ന്‍റെയും സമീപ പ്രദേശങ്ങളുടെയും സംരക്ഷണാർഥം 1984ൽ സമർപിച്ച പൊതുതാൽപര്യ ഹരജി ജസ്റ്റിസുമാരായ അഭയ് എസ്.ഓക്ക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് തള്ളി. ആഗ്രയെ ‘പൈതൃക നഗരം’ ആയി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. അത്തരമൊരു പ്രഖ്യാപനം നഗരത്തിന് എന്തെങ്കിലും പ്രത്യേക നേട്ടമുണ്ടാക്കുമെന്ന് കാണിക്കാൻ ഒന്നും ഇതിൽ രേഖ​​പ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ കോടതിക്ക് അത്തരമൊരു പ്രഖ്യാപനം നൽകാനാവില്ലെന്നും ഇടക്കാല അപേക്ഷ തള്ളുന്നുവെന്നും ബെഞ്ച് പറഞ്ഞു.

ഇതുകൊണ്ട് എന്ത് നേട്ടമാണ് ആഗ്രക്ക് ലഭിക്കുകയെന്നും ഇത്തരമൊരു പ്രഖ്യാപനത്തിന് നിയമപ്രകാരമുള്ള വ്യവസ്ഥകൾ എന്താണെന്നും വാദം കേൾക്കുന്നതിനിടെ ബെഞ്ച് അഭിഭാഷകനോട് ചോദിച്ചു. 1,000 വർഷത്തിലധികം ചരിത്രം പേറുന്ന ആഗ്രയെ പൈതൃക നഗരമായി പ്രഖ്യാപിക്കേണ്ടതുണ്ടെന്നും നിരവധി ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അഭിഭാഷകൻ അറിയിച്ചു. അത്തരമൊരു പ്രഖ്യാപനം ടൂറിസത്തിന് ഉത്തേജനം നൽകുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രദേശം സംരക്ഷിക്കുകയും ചെയ്യും -അഭിഭാഷകൻ കൂട്ടിച്ചേർത്തു.

പൈതൃക നഗരമായി പ്രഖ്യാപിച്ചാൽ അതുകൊണ്ട് ആഗ്രക്ക് എന്തു ഗുണമാണെന്നും പ്രഖ്യാപനത്തിലൂടെ ആഗ്ര വൃത്തിയാകുമോയെന്നും ചോദിച്ച ബെഞ്ച് അങ്ങനെ നടന്നില്ലെങ്കിൽ അത് വ്യർത്ഥതമായ ഒന്നായിത്തീരുമെന്നും പറഞ്ഞു.

താജ്മഹലി​ന്‍റെ സംരക്ഷണവും താജ് ട്രപീസിയം സോണി​ന്‍റെ അറ്റകുറ്റപ്പണിയും കോടതി ഇതിനകം പരിശോധിച്ചു വരികയാണെന്ന് ജസ്റ്റിസ് ഓക്ക പറഞ്ഞു. ഉത്തർപ്രദേശിലെ ആഗ്ര, ഫിറോസാബാദ്, മഥുര, ഹത്രാസ്, ഇറ്റാഹ് ജില്ലകളിലും രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലുമായി ഏകദേശം 10,400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് താജ് ട്രപീസിയം. താജ്മഹലി​ന്‍റെ വെളുത്ത മാർബിൾ ശവകുടീരം യുനെസ്കോയുടെ ലോക പൈതൃക സ്ഥലമാണ്.

Tags:    
News Summary - Supreme Court dismisses plea seeking to declare Agra a heritage city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.