ന്യൂഡൽഹി: ദേശീയ താൽപര്യങ്ങൾക്ക് ഭീഷണിയാവുംവിധം ‘സമാനമായ ക്രമീകരണങ്ങൾ’ ഒരുക്കിയെന്ന് ആരോപിച്ച് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ തൃണമൂൽ എം.പി മഹുവ മൊയ്ത്ര ലോക്പാലിന് പരാതി നൽകി.‘പുരി ബുച്ചിനെതിരായ ലോക്‌പാലിനുള്ള എന്റെ പരാതി ഇലക്‌ട്രോണിക് രൂപത്തിലും അല്ലാതെയും ഫയൽ ചെയ്തു. പ്രാഥമിക അന്വേഷണത്തിനും തുടർന്ന് പൂർണമായ എഫ്.ഐ.ആറിനുംവേണ്ടി 30 ദിവസത്തിനകം ലോക്‌പാൽ അത് സി.ബി.ഐക്കോ ഇ.ഡിക്കോ റഫർ ചെയ്യണം. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ലിങ്കുകളെയും അന്വേഷണത്തിന് വിളിപ്പിക്കേണ്ടിവരും’ എക്‌സിലെ പോസ്റ്റിൽ മഹുവ വ്യക്തമാക്കി.
ദേശീയ താൽപര്യവും കോടിക്കണക്കിന് നിക്ഷേപകരുടെ താൽപര്യവും സംബന്ധിച്ച വിഷയമായതിനാൽ ഇത് അന്വേഷിക്കേണ്ടതുണ്ടെന്ന് ലോക്പാലിനയച്ച മൂന്ന് പേജുള്ള കത്തിൽ മൊയ്ത്ര ആവശ്യപ്പെട്ടു. സെബി മേധാവിയെ സസ്പെൻഡ് ചെയ്യണമെന്ന് തൃണമൂൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ‘വിരുദ്ധ താൽപര്യങ്ങളു’ടെ പേരിൽ കോൺഗ്രസും ബുച്ചിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സെബി മേധാവിയായിരിക്കെതന്നെ മറ്റു സ്രോതസ്സുകളിൽ നിന്ന് ഇവർ പണം കൈപ്പറ്റിയെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസ് ആരോപിച്ചിരുന്നു.
അദാനി ഗ്രൂപ്പിനെതിരെ നടപടിയെടുക്കാൻ സെബി തയ്യാറാകാത്തത് അതിന്റെ മേധാവി മാധബി പുരി ബുച്ചിന് ഓഫ്‌ഷോർ ഫണ്ടുകളിൽ ഓഹരി പങ്കാളിത്തമുള്ളതുകൊണ്ടാണെന്ന് യു.എസ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് കഴിഞ്ഞ മാസം ആരോപണമുന്നയിച്ചിരുന്നു. ബുച്ചിനും ഭർത്താവിനും വെളിപ്പെടുത്താത്ത നിക്ഷേപമുണ്ട്. ഇത് ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന, ബെർമുഡയിലെയും മൗറീഷ്യസിലെയും അതാര്യമായ ഓഫ്‌ഷോർ ഫണ്ടുകളിലും റൗണ്ട് ട്രിപ്പ് ഫണ്ടുകളിലുമാണെന്നും ഇവ ഓഹരിവിലകൾ വർധിപ്പിക്കാൻ ഉപയോഗിച്ചുവെന്നും ഹിൻഡൻബർഗ് ഉന്നയിച്ചിരുന്നു.
എന്നാൽ, ഇത് അടിസ്ഥാനരഹിതമാണെന്നാണ് സെബി മേധാവിയുടെ പ്രതികരണം. ബുച്ചുമായി തങ്ങൾക്ക് വാണിജ്യ ബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് അദാനി ഗ്രൂപിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.