കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ഗവർണർ സി.വി. ആനന്ദബോസ്. മമത ബാനർജി ബംഗാളിലെ ലേഡി മാക്ബെത്ത് ആണെന്ന് ആരോപിച്ച ഗവർണർ അവരെ സാമൂഹികമായി ഒറ്റപ്പെടുത്തുമെന്നും പറഞ്ഞു. ഭാവിയിൽ മമതയുമായി പൊതുപരിപാടികളിൽ വേദി പങ്കിടില്ലെന്നാണ് ഗവർണർ വ്യക്തമാക്കിയത്. ''ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രിയാകുന്നത് വിരോധാഭാസമാണ്. ഹൂഗ്ലി നദിയിലെ ജലം കൈവശം വെക്കുന്നത് പശ്ചിമബംഗാളിലെ ലേഡി മാക്ബെത്ത് ആണ്. എന്നാൽ അതുകൊണ്ടൊന്നും അശുദ്ധമായ കൈകൾ ശുദ്ധമാക്കാൻ കഴിയില്ല. തെരുവുകളിലും ആശുപത്രികളിലും നഗരങ്ങളിലും പ്രതിഷേധം കനക്കുകയാണ്.''-ഗവർണർ പറഞ്ഞു.
മേലിൽ ഇനി മുഖ്യമന്ത്രിയുമായി വേദി പങ്കിടില്ല. ഭരണഘടന വ്യവസ്ഥകൾ ലംഘിക്കുന്നതിന് അവർക്കെതിരെ നടപടികൾ സ്വീകരിക്കും. ഗവർണർ എന്ന നിലയിൽ ഭരണഘടന വ്യവസ്ഥകൾ ലംഘിക്കുന്നത് തടയാൻ അധികാരമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു. വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ,
നീതിക്കു വേണ്ടി രാജിവെക്കാൻ തയാറാണെന്ന് മമത ബാനർജി അറിയിച്ചതിന് പിന്നാലെയായിരുന്നു ഗവർണറുടെ പ്രതികരണം.
പ്രതിഷേധം നടത്തുന്ന ഡോക്ടർമാർ തുടർച്ചയായ രണ്ടാംദിവസവും യോഗം ബഹിഷ്‍കരിച്ചതിന് പിന്നാലെയായിരുന്നു മമതയുടെ പ്രഖ്യാപനം. കൊൽക്കത്തയിലെ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഡോക്ടർമാർ പ്രതിഷേധം നടത്തുന്നത്. ഇന്ന് വൈകീട്ട് അഞ്ചുമണിക്കായിരുന്നു സർക്കാർ ഡോക്ടർമാരെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്.
കൂടിക്കാഴ്ചക്ക് ക്ഷണിച്ചു കൊണ്ട് ബുധനാഴ്ചയും സർക്കാർ പ്രതിഷേധക്കാർക്ക് കത്തയച്ചിരുന്നു. കൂടിക്കാഴ്ചക്ക് തയാറാണ്. എന്നാൽ അത് പൂർണമായും ലൈവ് ടെലികാസ്റ്റ് ചെയ്യണം എന്നായിരുന്നു പ്രതിഷേധക്കാർ മുന്നോട്ട് വെച്ച നിർദേശം. 15 അംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചക്ക് മമതയും സർക്കാർ പ്രതിനിധികളും തയാറാണ് എന്ന് പ്രതിഷേധക്കാരെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി 30 അംഗ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ചക്ക് തയാറാകണം എന്നായിരുന്നു പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്.
സംസ്ഥാന ആരോഗ്യ വിഭാഗം ആസ്ഥാനമായ സ്വാസ്ഥ്യ ഭവന് മുന്നിലാണ് പ്രതിഷേധക്കാരുടെ കുത്തിയിരിപ്പ് സമരം നടത്തുന്നത്. ആഗസ്റ്റ് 19നാണ് ആർജി കർ മെഡിക്കൽ കോളജിൽ വെച്ച് യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.