ചെന്നൈ: കലൈ്ഞറുടെ സ്നേഹം വഴിയും ഓർമകൾ തമിഴ് ജനതയുടെ മനസ്സുകളിലെത്തിച്ച് എം.കെ സ്റ്റാലിൻ മുഖ്യമന്ത്രിയായതിനു പിന്നാലെ കൂടെ കൂട്ടിയവരുടെ വലിയ കഥകളും പുറത്തുവരുന്നു. രാജ്യത്തിനകത്തും യു.എസിലുമുള്ള മുൻനിര കലാലയങ്ങളിൽനിന്ന് എഞ്ചിനിയറിങ്, മാനേജ്മെന്റ് വിഷയങ്ങളിൽ ഉന്നത ബിരുദവുമായി രണ്ടാമൂഴം നേടി സ്റ്റാലിന്‍റെ ധനമന്ത്രിയായി എത്തുന്ന പളനിവേൽ ത്യാഗരാജനാണ് അതിൽ പ്രമുഖൻ.
നാട്ടുകാർ സ്നേഹത്തോടെ പി.ടി.ആർ എന്നു വിളിക്കുന്ന 55കാരൻ തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിൽനിന്ന് എഞ്ചിനിയറിങ് ബിരുദവുമായി തുടങ്ങി ന്യൂയോർക് സ്റ്റേറ്റ് യൂനിവേഴ്സിറ്റി, മസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങളിൽനിന്ന് ഉന്നത ബിരുദവും പൂർത്തിയാക്കിയാണ് കരിയർ ലോകത്ത് തിളക്കമുള്ള സാന്നിധ്യമായി മാറിയത്. 1987ൽ യു.എസിലേക്കു േപായ അദ്ദേഹം അമേരിക്കക്കാരിയായ സഹപാഠിയെ വിവാഹം ചെയ്ത് അവിടെ ജോലിയുമായി കഴിഞ്ഞ് 20 വർഷം കഴിഞ്ഞാണ് മടങ്ങിയെത്തുന്നത്. അതുകഴിഞ്ഞ് സിംഗപൂരിൽ ബാങ്കറുമായി.
2015ൽ മടങ്ങിയെത്തിയ ശേഷമാണ് വല്ല്യഛനും പിതാവും നടന്ന വഴിയെ സഞ്ചരിക്കാമെന്ന് തീരുമാനിച്ചത്. 1930കളിൽ മദ്രാസ് പ്രസിഡൻസി മുഖ്യമന്ത്രിയായിരുന്ന പി.ടി രാജനാണ് വല്ല്യഛൻ. പിതാവ് പളനിവേൽ രാജൻ ഡി.എം.കെ മന്ത്രിയും. ഇരുവരുടെയും വഴിയിൽ നീങ്ങിയാൽ കഴിവു തെളിയിക്കാനാകൂമെന്നുകണ്ട പി.ടി.ആർ മധുര സെൻട്രലിൽനിന്ന് രണ്ടാം തവണ ജനവിധി തേടിയപ്പോൾ 34,176 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഭാര്യ മാർഗരറ്റിനും സ്കൂൾ വിദ്യാർഥികളായ പളനി ത്യാഗരാജൻ, വേൽ ത്യാഗ രാജൻ എന്നിവർക്കുമൊപ്പം ചെന്നൈയിൽ താമസിക്കുന്ന പി.ടി.ആർ സ്റ്റാലിന്‍റെ വിശ്വസ്തനായി ധനമന്ത്രി പദവി ഏറ്റെടുത്ത ഉടനെ തന്‍റെ മുൻഗണനകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം പിടിച്ചുവെച്ച ജി.എസ്.ടി കുടിശ്ശിക വാങ്ങിയെടുക്കലാണ് ഒന്നാം വിഷയമെന്ന് പി.ടി.ആർ പറയുന്നു. കേന്ദ്ര സർക്കാറിന്‍റെ കടുത്ത വിമർശകനായ അദ്ദേഹത്തിന്‍റെ വാക്കുകൾ ഇങ്ങനെ: ''ഓരോ സർക്കാരും പ്രതിബദ്ധതകളും ഉത്തരവാദിത്വങ്ങളും നിർവഹിക്കണം. (ജി.എസ്.ടി കുടിശ്ശിക) ഇന്ത്യൻ സർക്കാർ സംസ്ഥാനങ്ങളുമായുള്ള നിയമപരമായ ബാധ്യതയാണ്. അതിൽ ഇനിയും ചർച്ച ആവശ്യമില്ല''.
സംസ്ഥാനങ്ങളോടുള്ള മോദി സർക്കാറിന്‍റെ പുഛവും അദ്ദേഹം പരിഹസിക്കുന്നു. ''തമിഴ്നാട് സാമ്പത്തിക സുസ്ഥിതിയുള്ള സംസ്ഥാനമാണ്. നിങ്ങൾ ഡൽഹിയിലിരുന്ന് ഇവിടെയുള്ള ജനങ്ങൾക്കായി തീരുമാനമെടുക്കേണ്ടതില്ല. അധികാര വികേന്ദ്രീകരണമാണ് ഭരണത്തിന്‍റെ അടിത്തറ. കേന്ദ്രത്തിൽനിന്ന് സംസ്ഥാനങ്ങൾക്കെന്ന പോലെ സംസ്ഥാനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്കും നൽകണം. കേരളം നടപ്പാക്കിയ അധികാര വികേന്ദ്രീകരണമാണ് ഇതിൽ ആദരമർഹിക്കുന്നത്''.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.