സാംബൽ (യു.പി): അഞ്ചാം ക്ലാസിൽ പഠിക്കുന്ന മുസ്‍ലിം വിദ്യാർഥിയെക്കൊണ്ട് ഹിന്ദു സഹപാഠിയെ തല്ലിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശിൽ അധ്യാപിക അറസ്റ്റിൽ. സാംബൽ ജില്ലയിലെ ദുഗ്‍വർ ഗ്രാമത്തിൽ സ്വകാര്യ സ്കൂൾ അധ്യാപിക ശൈസ്തയാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് അധ്യാപികയുടെ ചോദ്യത്തിന് ഉത്തരം പറയാത്തതിനാണ് തല്ലിച്ചത്. തല്ലുകൊണ്ട കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. പരിക്കേല്പിച്ചതിനും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്രിഷ് ചന്ദ്ര പറഞ്ഞു. അധ്യാപികയുടെ നിർദേശപ്രകാരം മുസ്‍ലിം വിദ്യാർഥി തല്ലിയതോടെ മകന്റെ മതവികാരത്തിന് മുറിവേറ്റുവെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് അഡീഷനൽ എസ്.പി പറഞ്ഞു.
കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ മുസഫർ നഗറിൽ മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് തല്ലിച്ചതിന് അധ്യാപികക്കെതിരെ കേസെടുത്തിരുന്നു. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി യു.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.