ഗുർഗാവ്: മുംബൈയിൽ 200 പേരുള്ള സീരിയൽ ഷൂട്ടിങ് സൈറ്റിൽ പുലിയിറങ്ങി. മറാത്തി ടിവി സീരിയൽ ചിത്രീകരണം നടന്നു വരുന്ന ഗുർഗാവിലെ ഫിലിം സിറ്റിയിലാണ് പുലിയിറങ്ങിയത്. പുലിയെ കണ്ടതോടെ താരങ്ങളും സിനിമ പ്രവർത്തകർ അടക്കമുള്ളവർ പരിഭ്രാന്തരായി ചിതറിയോടി. ആർക്കും പരിക്കില്ല.
ഇന്നലെ വൈകിട്ട് നാലു മണിക്കാണ് ഷൂട്ടിങ് സൈറ്റിൽ പുള്ളിപ്പുലിയെയും കുഞ്ഞിനെയും കണ്ടത്. ഷൂട്ടിങ്ങിനായി നിർമിച്ച സെറ്റിന്‍റെ മേൽക്കൂരക്കുള്ളിലെ ഇരുമ്പ് സ്പാനുകളിലൂടെയാണ് പുലി നടന്നത്. ഇതിനിടെ ചിലർ പുലിയുടെ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്തു.
സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സുരേഷ് ശ്യാംലാൽ ഗുപ്ത രംഗത്തെത്തി. പുലി ഇറങ്ങുന്നത് കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്നാമത്തെയോ നാലാമത്തെയോ സംഭവമാണെന്ന് ശ്യാംലാൽ ഗുപ്ത പറഞ്ഞു.
200ലധികം പേർ സെറ്റിൽ ഉണ്ടായിരുന്നു. പലർക്കും ജീവൻ നഷ്ടപ്പെട്ടേനെ. സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സുരക്ഷ ഒരുക്കാത്ത പക്ഷം സമരം ആരംഭിക്കുമെന്നും ശ്യാംലാൽ ഗുപ്ത വ്യക്തമാക്കി.
ജൂലൈ 18ന് അജൂനിയിൽ ഇരുന്നൂറോളം പേർ ജോലി ചെയ്ത ഷൂട്ടിങ് സെറ്റിൽ പുലിയിറങ്ങിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സെറ്റിലുണ്ടായിരുന്ന നായയെ പുലി ആക്രമിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.