ന്യൂഡൽഹി: ഏഴുമാസം പ്രായമായമുള്ളപ്പോളേറ്റ പരിക്കിന്റെ പേരിൽ ജർമനിയിൽ കുടുങ്ങിയ കുഞ്ഞിനെ തിരികെക്കിട്ടാൻ രണ്ടുവർഷമായി എല്ലാ വാതിലുകളിലും മുട്ടിയ ഒരമ്മ ഒടുവിൽ വിലാപവുമായി പാർലമെന്റിൽ. ഏഴാം മാസത്തിൽ തങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത് ജർമൻ ചൈൽഡ് സർവിസസിന്റെ സംരക്ഷണത്തിലേൽപിച്ച രണ്ടര വയസ്സുകാരി അരീഹ ഷായെ തിരികെക്കിട്ടാനാണ് അമ്മ ധാരാ ഷാ ബുധനാഴ്ച പാർലമെന്റിൽ എത്തിയത്.
2021 സെപ്റ്റംബർ 17ന് വീട്ടിൽ ഒറ്റക്ക് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കുഞ്ഞിനേറ്റ പരിക്ക് കാണിക്കാൻ ആശുപത്രിയിൽ കൊണ്ടുപോയതാണ് ഗുജറാത്തിൽനിന്ന് ജർമനിയിലേക്ക് പോയ ഭഷേവ് ഷാ-ധാരാ ഷാ ദമ്പതികൾക്ക് കുഞ്ഞിനെ നഷ്ടമാകാനിടയാക്കിയത്. കുഞ്ഞിനെ മറ്റാരും പരിചരിച്ചിട്ടില്ലെന്നും കുഞ്ഞ് മാതാപിതാക്കളുടെ പക്കലായിരിക്കേയുണ്ടായ പരിക്കിന് ഉത്തരവാദിത്തം അവർക്ക് തന്നെയാണെന്നും ഏഴുമാസത്തിനിടെ അമ്മയുടെ പരിചരണത്തിലെ വീഴ്ചയാണിതിന് കാരണമെന്നും രണ്ടുതവണ പരിക്കേറ്റ ആ കുഞ്ഞിനെ സംരക്ഷിക്കാൻ ഇനി മാതാപിതാക്കൾക്ക് അവകാശമില്ലെന്നും വിലയിരുത്തിയാണ് കുഞ്ഞിന്റെ സുരക്ഷ മുൻനിർത്തി മാതാപിതാക്കളിൽനിന്ന് വേർപെടുത്തി അധികൃതർ കെയർ സെന്ററിലേക്ക് മാറ്റിയത്. ഏറ്റവും ഒടുവിൽ ജൂൺ 13ന് പുറപ്പെടുവിച്ച വിധിയിൽ ‘പാരന്റ് ആൻഡ് ചൈൽഡ് സെന്ററി’ലേക്ക് അരീഹയെ മാറ്റാനും മാതാപിതാക്കളുടെ നിത്യസന്ദർശനം വിലക്കാനും ഉത്തരവിട്ടിരിക്കുകയാണ് ജർമൻ കോടതി.
ഏഴുമാസമായ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ‘ഡയപറി’ൽ രക്തമുണ്ടായിരുന്നു. സ്വകാര്യ ഭാഗത്തേറ്റ പരിക്കിനെത്തുടർന്നായിരുന്നു അത്. ശരിക്കും കുഞ്ഞിനെന്തു പറ്റിയെന്ന് താൻ കാണാതിരുന്നതാണ് കേസിൽ പ്രശ്നമായതെന്ന് ധാരാ ഷാ പറഞ്ഞു. ‘ഡയപർ’ മാത്രം ധരിപ്പിച്ച് പതിവുപോലെ കുഞ്ഞിനെ സ്വയം കളിക്കാൻ വിട്ടതായിരുന്നു. പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഏഴുമാസം പ്രായമായ കുഞ്ഞ് കളിപ്പാട്ടത്തിന് മുകളിലേക്ക് വീണതായിരിക്കാമെന്നും വീണപ്പോഴുണ്ടായ പരിക്കായിരിക്കാമെന്നുമാണ് കരുതുന്നത്.
ഇതേ കാര്യമായിരുന്നു ആശുപത്രിയിലുള്ളവരും പറഞ്ഞത്. ചികിത്സ നൽകി കുഞ്ഞിന് പ്രശ്നമില്ലെന്ന് പറഞ്ഞ് അവർ തിരികെ അയക്കുകയും ചെയ്തു. എന്നാൽ, രണ്ടാംതവണ കുഞ്ഞിനെ ആശുപത്രിയിൽ കാണിക്കാൻ ചെന്നപ്പോൾ ചൈൽഡ് സർവിസിനെയും പൊലീസിനെയും അവർ വിവരമറിയിച്ച് കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു. അതേസമയം ഏതെങ്കിലും തരത്തിൽ ലൈംഗികപീഡനം കുഞ്ഞിനുണ്ടായിട്ടില്ലെന്ന് ആശുപത്രി റിപ്പോർട്ട് നൽകുകയും ചെയ്തു. ജർമൻ പൊലീസ് നടത്തിയ അന്വേഷണത്തിലും ലൈംഗിക പീഡനമേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്.
ജർമനിയിലേക്ക് കുടിയേറിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവർ പെൺ ചേലാകർമം ചെയ്യുന്നതുപോലെ മൂന്നാംലോക രാജ്യമായ ഇന്ത്യയിൽനിന്നെത്തിയ അമ്മക്ക് ഇത്തരം അനാചാരങ്ങളോ അന്ധവിശ്വാസങ്ങളോ മറ്റോ ഉണ്ടായിരിക്കാമെന്ന മുൻധാരണയോടെയാണ് ജർമൻ അധികൃതർ അപകടത്തെ സമീപിച്ചതെന്ന് ധാരാ ഷായെയും കൂട്ടി പാർലമെന്റിലെത്തിയ ശരണ്യ അയ്യർ ‘മാധ്യമ’ത്തോട് പറഞ്ഞു. അത്തരത്തിൽ അമ്മ സ്വന്തം കുഞ്ഞിനേൽപിച്ച പരിക്കായിരിക്കാമെന്ന അനുമാനങ്ങളും ജർമൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി.
ഗുജറാത്തി പരിഭാഷകനില്ലാതിരുന്നതിനാൽ കോടതി വിചാരണയിൽ അവർക്ക് നീതി ലഭിച്ചില്ല. ഏതായാലും ജർമൻ കോടതി വിധി എതിരായതിനാൽ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ശക്തമായ ഒരിടപെടലുണ്ടാകാതെ ഇനി ഈ അമ്മക്ക് സ്വന്തം കുഞ്ഞിനെ തിരികെക്കിട്ടില്ലെന്നും ശരണ്യ അയ്യർ പറഞ്ഞു. എം.പിമാരെക്കണ്ട് അതിനുള്ള പിന്തുണ തേടിയാണ് പാർലമെന്റിലെത്തിയത്. നേരത്തേ സമാന സംഭവത്തിൽ നോർവേയിൽനിന്ന് ബംഗാളി ദമ്പതികൾക്ക് കുഞ്ഞിനെ തിരികെക്കിട്ടാൻ പ്രധാനമന്ത്രി നയതന്ത്രതലത്തിൽ ഇടപെട്ട ഉദാഹരണവും അവർ ഓർമിപ്പിച്ചു.
ഇന്ത്യയുടെ മകളെ ഇന്ത്യക്ക് തിരിച്ചുനൽകണമെന്ന് ധാരാ ഷായെ കൂട്ടി വനിത എം.പിമാരുമായി മാധ്യമങ്ങളെ കണ്ട രാജ്യസഭ എം.പി ജയ ബച്ചൻ ആവശ്യപ്പെട്ടു. കേന്ദ്ര വിദേശ മന്ത്രാലയം ജർമൻ അധികൃതരുമായി അടിയന്തരമായി ഇടപെട്ട് അരീഹയെ ധാരക്ക് തിരികെ ഏൽപിക്കാൻ നടപടിയുണ്ടാകണമെന്നും ഇതിനായി തങ്ങൾ ശബ്ദമുയർത്തുമെന്നും ജയ ബച്ചൻ പറഞ്ഞു.
കുടിയേറുന്ന രാജ്യങ്ങളിൽ കുഞ്ഞുങ്ങളെ വളർത്തുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് അറിയാത്തതാണ് ഈ അമ്മക്ക് കുഞ്ഞിനെ നഷ്ടമാക്കിയതെന്ന് രാജ്യസഭ എം.പി പ്രിയങ്ക ചതുർവേദിയും പറഞ്ഞു. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ വിവിധ കക്ഷികളുടെ എം.പിമാരെത്തി അമ്മയുടെ പോരാട്ടത്തിന് പിന്തുണയറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.