ന്യൂഡൽഹി: ജൂൺ നാലിന് രാജ്യത്ത് പുതിയ ഉദയമുണ്ടാവുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എക്സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുവരെയുള്ള ട്രെൻഡ് വ്യക്തമാണ്. ഇൻഡ്യ മുന്നണി രാജ്യത്ത് സർക്കാർ രുപീകരിക്കാൻ പോവുകയാണ്. കടുത്ത ചൂടിനേയും അവഗണിച്ച് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാൻ നിങ്ങൾ വോട്ട് ചെയ്യാൻ വരുന്നത് അഭിമാനകരമായ കാര്യമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.
ഇന്നും നിങ്ങൾ ഒരുമിച്ചെത്തി വോട്ട് ചെയ്യണം. ധാർഷ്ട്യത്തിന്റെ സ്വേച്ഛാധിപത്യത്തിന്റേയും പ്രതീകമായി മാറിയ ഈ സർക്കാരിന് അവസാന പ്രഹരം നൽകണമെന്നും രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർഥിച്ചു. ജൂൺ നാലിന് രാജ്യത്ത് പുതിയ സൂര്യൻ ഉദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഏഴാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ഏഴു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 57 സീറ്റുകളിലേക്കാണ് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള പ്രമുഖർ ഇന്ന് ജനവിധി തേടുന്നുണ്ട്. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്ന് മൂന്നാംതവണയാണ് മോദി മത്സരിക്കുന്നത്. കോൺഗ്രസിന്റെ അജയ് റായ് ആണ് മോദിയുടെ എതിരാളി.
57 ലോക്സഭ സീറ്റുകളിലേക്കായി 904 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ. അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം ജൂൺ രണ്ടിന് അറിയാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.