ന്യൂഡൽഹി: ട്രെയിനിൽ വെച്ച് 11 വയസുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് റെയിൽവേ ജീവനക്കാരനെ തല്ലിക്കൊന്നു. ബിഹാറിൽ നിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന ഹംസഫർ എക്സ്‌പ്രസിലെ യാത്രക്കാരും പെൺകുട്ടിയുടെ ബന്ധുക്കളും ചേർന്നാണ് വ്യാഴാഴ്ച രാത്രിയോടെ റെയിൽവേ ജീവനക്കാരനായ പ്രശാന്ത് കുമാറിനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെ പെൺകുട്ടിയുടെ അമ്മ ശുചിമുറിയിൽ പോയ നേരത്ത് പ്രശാന്ത് കുമാർ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോൾ കുട്ടി കരയുന്നതാണ് കണ്ടത്. തുടർന്നാണ് പ്രകോപിതരായ കുട്ടിയുടെ ബന്ധുക്കളും യാത്രക്കാരും ചേർന്ന് പ്രശാന്ത് കുമാറിനെ മർദ്ദിക്കുകയായിരുന്നു. ലഖ്നോവിന് അടുത്തുള്ള ഐഷ്ബാഗ് ജംഗ്ഷനിൽ വെച്ചാണ് പ്രശാന്തിനെ മർദ്ദിക്കാൻ ആരംഭിച്ചു. കാൺപൂർ സെൻട്രൽ സ്റ്റേഷൻ എത്തുന്നത് വരെ മർദ്ദനം തുടർന്നുവെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബം ലൈംഗികാതിക്രമത്തിനും കൊല്ലപ്പെട്ട പ്രശാന്ത് കുമാറിൻ്റെ കുടുംബം കൊലപാതകത്തിനും പരാതി നൽകിയിട്ടുണ്ട്. ബിഹാറിലെ മുസാഫർപൂർ സ്വദേശിയാണ് പ്രശാന്ത്. പ്രശാന്ത് അത്തരത്തിലുള്ള ആളായിരുന്നില്ലെന്ന് കുമാറിൻ്റെ അമ്മാവൻ പവൻ പറഞ്ഞു. ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപ്പെടുത്തിയത്. ഇത്രയും നേരം മർദ്ദിച്ചിട്ടും റെയിൽവേ പൊലീസിലെ ആരും അവിടെ ഉണ്ടായിരുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ട്രെയിൻ ഐഷ്ബാഗ് കടന്നപ്പോൾ താൻ പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി പറഞ്ഞെന്നും തുടർന്ന് കുടുംബാംഗങ്ങളും മറ്റ് യാത്രക്കാരും ചേർന്ന് പ്രതിയെ മർദിച്ചതായും പ്രയാഗ്‌രാജ് എസ്.പി അഭിഷേക് യാദവ് പറഞ്ഞു. കാൺപൂർ സെൻട്രലിൽ വെച്ച് പ്രതിയെ തങ്ങളെ ഏൽപിച്ചുവെന്ന് പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. ഒപ്പം പരാതിയും നൽകി. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്നും എസ്.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.