മുസ്‍ലിം യുവതക്കായി പ്രത്യേക ഐ.ടി പാർക്ക് സ്ഥാപിക്കും; വാഗ്ദാനവുമായി ചന്ദ്രശേഖർ റാവു

ഹൈദരാബാദ്: തെലങ്കാനയിൽ വീണ്ടും അധികാരത്തിൽ വന്നാൽ മുസ്‍ലിം യുവതക്കായി പ്രത്യേക ഐ.ടി പാർക്കുകൾ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയും ഭാരത് രക്ഷ സമിതി (ബി.ആർ.എസ്) അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവു. മഹേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മന്ത്രി സബിത ഇന്ദ്ര ​റെഡ്ഢിയാണ് മണ്ഡലത്തിലെ ബി.ആർ.എസ് സ്ഥാനാർഥി.

‘ഇപ്പോൾ ഞങ്ങൾ മുസ്‍ലിം യുവതയെ കുറിച്ചും അവർക്കായി ഹൈദരാബാദിന് സമീപം പ്രത്യേക ഐ.ടി പാർക്ക് സ്ഥാപിക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നു. പഹാഡി ഷരീഫിന് സമീപമായിരിക്കും ഐ.ടി പാർക്ക് സ്ഥാപിക്കുക. തങ്ങളുടെ സർക്കാർ എല്ലാ ജനങ്ങളെയും ഒരുപോലെ കാണുകയും എല്ലാവർക്കും തുല്യ അവസരങ്ങൾ ഒരുക്കുന്നതിൽ വിശ്വസിക്കുകയും ചെയ്യുന്നു’, കെ.സി.ആർ പറഞ്ഞു.

‘മുസ്‍ലിംകൾക്കും ലഭിക്കുന്ന പെൻഷനാണ് ഇപ്പോൾ ഞങ്ങൾ നൽകുന്നത്. മുസ്‍ലിം വിദ്യാർഥികളും പഠിക്കുന്ന റസിഡൻഷ്യൽ സ്കൂളുകൾ ഞങ്ങൾ തുറന്നിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഒരു ദശകത്തിനിടെ 12000 കോടി രൂപയാണ് ബി.ആർ.എസ് സർക്കാർ ചെലവിട്ടത്. ഞങ്ങൾ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുന്നു. ബി.ജെ.പി രാജ്യത്തെ അന്തരീക്ഷം തകർക്കുകയാണ്. ഇതുകൊണ്ട് ആർക്കും ഒരു ഗുണവുമില്ല. അവർക്ക് സ്ഥിരമായി അധികാരം കിട്ടാൻ പോകുന്നില്ല. ഭയപ്പെടേണ്ട ഒരാവശ്യവും ഇല്ല, അവരുടെ ഭരണം ഏതാനും ദിവസങ്ങൾ മാത്രമേ ഉണ്ടാകൂ. അവർ എന്നെന്നും അവിടെയുണ്ടാകില്ല. ജനങ്ങൾ അവരെ മനസ്സിലാക്കി ചവിട്ടിപ്പുറത്താക്കും. അതോടെ ഇതൊരു സന്തോഷം നിറഞ്ഞ രാജ്യമാകും’, അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 30ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്ന് ശക്തമായ വെല്ലുവിളിയാണ് ബി.ആർ.എസ് നേരിടുന്നത്. കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ പറയുന്നത്. 

Tags:    
News Summary - A special IT park will be established for Muslim youth; Chandrasekhar Rao with promise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.