കോൺഗ്രസ് കരുത്താർജിക്കണമെന്ന് കേന്ദ്ര മന്ത്രി ഗഡ്കരി; 'ശക്തമായ കോൺഗ്രസ് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ അനിവാര്യത'

മുംബൈ: കോൺഗ്രസിനെ പ്രകീർത്തിച്ച് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി. പ്രാദേശിക കക്ഷികൾ പ്രതിപക്ഷ സ്ഥാനത്തെത്തുന്നത് തടയാൻ കോൺഗ്രസ് ശക്തിപ്പെടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗഡ്കരി, കോൺഗ്രസുകാർ പാർട്ടിയിൽ ഉറച്ചുനിൽക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പുണെയിൽ മാധ്യമ പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ചോദ്യോത്തര വേളയിൽ, ജനാധിപത്യത്തിൽ ശക്തമായ പ്രതിപക്ഷം അനിവാര്യമല്ലേയെന്ന ചോദ്യത്തിനാണ് കോൺഗ്രസിനെ പ്രകീർത്തിച്ച് മറുപടി നൽകിയത്. കോൺഗ്രസ് ദുർബലമാകുമ്പോൾ പ്രാദേശിക കക്ഷികളാണ് കോൺഗ്രസിന്‍റെ സ്ഥാനങ്ങളിലെത്തുക. ഇത് നല്ല സൂചനയല്ല. 1950കളുടെ അവസാനത്തിൽ അടൽ ബിഹാരി വാജ്പേയി ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ, അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് അപ്പോഴും അദ്ദേഹത്തോട് ആദരവുണ്ടായിരുന്നു. അതായത്, ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ട പങ്കാണുള്ളത്. കോൺഗ്രസ് വീണ്ടും ശക്തിപ്പെടണമെന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത്. കോൺഗ്രസ് നേതാക്കൾ അവരുടെ ആശയത്തിൽ അടിയുറച്ച് നിൽക്കുകയും പാർട്ടിക്കൊപ്പം നിലകൊള്ളുകയും ചെയ്യണം. പാർട്ടിക്കായി പ്രവർത്തിക്കുന്നതിനൊപ്പം പരാജയങ്ങളിൽ നിരാശരാകാതിരിക്കുകയും വേണം -ഗഡ്കരി പറഞ്ഞു.

പ്രധാനമന്ത്രിപദം ലക്ഷ്യമാണോയെന്ന ചോദ്യത്തിന് അത്തരമൊരു മത്സരത്തിന് താനില്ലെന്നായിരുന്നു ഗഡ്കരിയുടെ മറുപടി. ആശയങ്ങളിൽ ഉറച്ചുനിന്ന് പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരനാണ് താനെന്നും അത്യാഗ്രഹിയല്ലെന്നും മന്ത്രി വ്യക്തമാക്കി.

താൻ ബി.ജെ.പിയിൽ തുടരുന്നതിനെ 1980കളുടെ അവസാനത്തിൽ അന്തരിച്ച കോൺഗ്രസ് നേതാവ് ഡോ. ശ്രീകാന്ത് ജിച്കാർ നിരുത്സാഹപ്പെടുത്തിയ കാര്യം ഗഡ്കരി പങ്കുവെച്ചു. പാർട്ടി കനത്ത തിരിച്ചടി നേരിട്ട സമയമായിരുന്നു അത്. എന്നാൽ, തന്‍റെ ബോധ്യങ്ങളിൽ ഉറച്ച് പാർട്ടിക്കൊപ്പം നിലകൊള്ളുകയായിരുന്നു ചെയ്തത്. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ പാർട്ടി മുന്നേറുകയും ഇന്നത്തെ നിലയിലേക്ക് വളരുകയും ചെയ്തു -ഗഡ്കരി പറഞ്ഞു. 


Tags:    
News Summary - A strong Congress is essential to India’s democracy: Gadkari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.