ചണ്ഡീഗഡ്: 47കാരനായ ഒരു അധ്യാപകൻ പഞ്ചാബിൽ ചുറ്റിനടന്ന് പഞ്ചാബി ഭാഷയിൽ സൈൻ ബോർഡുകൾ സ്ഥാപിക്കാൻ കടയുടമകളോടും ബിസിനസ്സ് ഉടമകളോടും ആവശ്യപ്പെടുകയാണ്. കർണാടകയിലെ ബിജാപൂർ ജില്ലക്കാരനായ പണ്ഡിറ്റ് റാവു ധരേന്നവറാണ് ഇങ്ങനെ പഞ്ചാബ് മുഴുവൻ ചുറ്റിനടക്കുന്നത്.
2003ലാണ് റാവു അധ്യാപന ജോലിക്കായി ചണ്ഡീഗഡിൽ എത്തിയത്. നിലവിൽ ചണ്ഡീഗഢിലെ ബിരുദാനന്തര ബിരുദ ഗവൺമെന്റ് കോളജിൽ അസി. പ്രഫസറാണ് റാവു.
മാതൃഭാഷയോടുള്ള ബഹുമാന സൂചകമായി മറ്റ് ഭാഷകൾക്കൊപ്പം പഞ്ചാബിയിലും പ്രധാനമായി സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള ബഹുജന പ്രസ്ഥാനത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ കഴിഞ്ഞ നവംബറിൽ ആഹ്വാനം ചെയ്തിരുന്നു. ഇതേ തുടർന്നാണ് റാവു ഇങ്ങനെയൊരു ശ്രമം ആരംഭിച്ചത്.
പഞ്ചാബി അക്ഷരമാലയുടെ പ്ലക്കാർഡ് പിടിച്ചാണ് റാവു കടകൾ തോറും നടക്കുന്നത്. 'അവർ മാതൃഭാഷയ്ക്ക് അർഹമായ ബഹുമാനം നൽകണമെന്നും കടകളുടെ പേരുകൾ പഞ്ചാബിയിൽ എഴുതണമെന്നുമാണ് ഞാൻ അവരോട് പറയുന്നത്' -റാവു പറഞ്ഞു. ഇതിനോടകം ഞാൻ ഖന്ന, ലുധിയാന, മോഗ, പട്യാല, രാജ്പുര, മൊഹാലി എന്നീ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഗുരുദാസ്പൂർ, പത്താൻകോട്ട്, ഫിറോസ്പൂർ തുടങ്ങിയ നഗരങ്ങളും സന്ദർശിക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വിദ്യാർഥികൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം കുറവാണെന്ന് മനസ്സിലാക്കിയ ശേഷമാണ് താൻ പഞ്ചാബി പഠിച്ചതെന്ന് റാവു പറയുന്നു. 'ചണ്ഡീഗഡിൽ വന്നപ്പോൾ എനിക്ക് പഞ്ചാബിയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. ഞാൻ ഇംഗ്ലീഷിലാണ് പഠിപ്പിച്ചിരുന്നത്. പിന്നീട് പഞ്ചാബി പഠിക്കാനും വിദ്യാർഥികളെ അവരുടെ മാതൃഭാഷയിൽ പഠിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു' -റാവു പറഞ്ഞു.
റാവു സിഖ് മതഗ്രന്ഥമായ 'ജാപ്ജി സാഹിബ്' കന്നഡ ഭാഷയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. സമ്പന്നമായ പഞ്ചാബി സാഹിത്യവും കവിതകളും നോവലുകളും മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ കർണാടകയിലെ പോലെ പഞ്ചാബിലും ഒരു വിവർത്തന കേന്ദ്രം വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.