ന്യൂഡൽഹി: പത്തുവയസ്സുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി മർദിച്ച പൈലറ്റിനും എയർലൈൻ ജീവനക്കാരനായ ഭർത്താവിനും ജനക്കൂട്ടത്തിന്റെ മർദനം. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം.
യൂനിഫോം ധരിച്ച വനിത പൈലറ്റിനെ വീട്ടിൽനിന്ന് വലിച്ചിറക്കി തലമുടിയിൽ പിടിച്ചുവലിച്ച് നിരവധി സ്ത്രീകൾ മർദിക്കുന്നതും ഇവർ നിലവിളിക്കുന്നതും വിഡിയോയിലുണ്ട്. തടയാൻ ശ്രമിച്ച ഭർത്താവിനെയും ജനക്കൂട്ടം പൊതിരെ തല്ലി. പൈലറ്റ് മാപ്പ് പറയുന്നതും പ്രായമായൊരാൾ മർദിക്കുന്നവരെ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
രണ്ടുമാസം മുമ്പാണ് പത്തുവയസ്സുകാരിയെ ദമ്പതികൾ വീട്ടുജോലിക്ക് നിയമിച്ചത്. കുട്ടിയുടെ മുഖത്തും ശരീരത്തിലും പരിക്കേറ്റതിന്റെ പാട് കണ്ട ബന്ധു വിവരം നാട്ടുകാരെ അറിയിച്ചു. കുട്ടിയെ ദമ്പതികൾ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണം ഉയരുകയും കൈകളിലും കണ്ണിനുതാഴെയും പാടുകൾ കാണുകയും ചെയ്തതോടെ ജനക്കൂട്ടം വീട്ടിലേക്ക് ഒരുമിച്ചെത്തി ദമ്പതികളെ ആക്രമിക്കുകയായിരുന്നു.
പിന്നീട് പൊലീസെത്തി ദമ്പതികളെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ബാലവേല, പ്രായപൂർത്തിയാവാത്ത കുട്ടിയെ മർദിക്കൽ തുടങ്ങിയ കേസുകൾ ചുമത്തിയിട്ടുണ്ട്. കുട്ടിയെ മെഡിക്കൽ പരിശോധനക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.