ഡെറാഡൂൺ; ജനുവരി മുതൽ ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് (യു.സി.സി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി. ഡെറാഡൂണിൽ നടന്ന ഉത്തരാഖണ്ഡ് ഇൻവെസ്റ്റ്‌മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്‍റ് ബോർഡിന്‍റെ (യു.ഐ.ഐ.ഡി.ബി) യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതോടെ ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
2022 മാർച്ചിൽ ഉത്തരാഖണ്ഡിൽ പുതിയ സർക്കാർ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് യു.സി.സി നടപ്പാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാൻ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ തീരുമാനിച്ചിരുന്നു. വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതിയാണ് രൂപീകരിച്ചത്. അതിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ യുനിഫോം സിവിൽ കോഡ് ബിൽ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയിൽ പാസാക്കി.
രാഷ്ട്രപതിയുടെ അനുമതിക്ക് ശേഷം മാർച്ച് 12ന് നിയമം വിജ്ഞാപനം ചെയ്തതായി ധാമി പറഞ്ഞു. ഇപ്പോൾ യു.സി.സി നിയമത്തിന്‍റെ ചട്ടങ്ങൾ തയാറാക്കിയിട്ടുണ്ടെന്നും ജനുവരി മുതൽ നടപ്പാക്കാൻ ഉത്തരാഖണ്ഡ് പൂർണമായി തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിവസം, ബി.ജെ.പി അധികാരം നിലനിർത്തിയാൽ സംസ്ഥാനത്ത് യു.സി.സി നടപ്പാക്കുമെന്ന് പുഷ്കർ സിങ് ധാമി പറഞ്ഞിരുന്നു. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും യു.സി.സി നടപ്പാക്കുമെന്ന് ചൊവ്വാഴ്ച രാജ്യസഭയിൽ സംസാരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.