ലഖ്നോ: ഉത്തർപ്രദേശ് നിയമസഭയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകന് ദാരുണാന്ത്യം. ഗോരഖ്പൂർ സ്വദേശിയായ പ്രഭാത് പാണ്ഡെ (28) ആണ് മരിച്ചത്.
പ്രഭാത് പാണ്ഡെയെ ഹസ്രത്ഗഞ്ചിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥീരീകരിക്കുകയായിരുന്നെന്ന് ഡി.സി.പി (സെൻട്രൽ ലഖ്‌നൗ) രവീണ ത്യാഗി അറിയിച്ചു. പ്രഥമദൃഷ്ട്യാ, പ്രഭാത് പാണ്ഡെയുടെ ശരീരത്തിൽ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പോസ്റ്റ് മോർട്ടത്തിന് ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് ക്രൂരത മൂലമാണ് മരണമെന്ന് കോൺഗ്രസ് യു.പി യൂനിറ്റ് മേധാവി അജയ് റായ് ആരോപിച്ചു. സംഭവം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണ്. കോൺഗ്രസ് കുടുംബത്തിന് വേദനയും ദേഷ്യവും ഉണ്ട്. മരിച്ചയാളുടെ കുടുംബത്തിന് യോഗി സർക്കാർ ഒരു കോടി രൂപ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരമായി നൽകണമെന്ന് അജയ് റായ് കൂട്ടിച്ചേർത്തു.
കർഷക ദുരിതം, തൊഴിലില്ലായ്മ, വിലക്കയറ്റം, സ്വകാര്യവൽക്കരണം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങളിൽ കോൺഗ്രസ് യു.പി സർക്കാറിനെതിരെ പ്രതിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.