ന്യൂഡൽഹി/ജമ്മു: ജമ്മുവിലെ ഇന്ത്യ-പാക് അതിർത്തിയിൽ രഹസ്യമായി നിർമിച്ച തുരങ്കം അതിർത്തിരക്ഷ സേന (ബി.എസ്.എഫ്) കണ്ടെത്തി.
സാംബ സെക്ടറിൽ പാക് ഭാഗത്തുനിന്ന് തുടങ്ങി ഇന്ത്യൻ ഭാഗത്ത് അവസാനിക്കുന്ന തുരങ്കം തീവ്രവാദികളെ കടത്തിവിടാനും ആയുധ, മയക്കുമരുന്ന് കടത്തിനുമായാണ് നിർമിച്ചതെന്ന് കരുതുന്നു.
അന്താരാഷ്ട്ര അതിർത്തിയിൽനിന്ന് 170 മീറ്റർ അകലെയാണ് തുരങ്കത്തിെൻറ ഒരു മുഖം. ഇന്ത്യൻ ഭാഗത്തെ കൃഷിയിടത്തിലേക്കാണ് ഇത് എത്തുന്നത്. മുഖഭാഗം മണൽചാക്കുകൾ നിറച്ച് അടച്ചിരുന്നു. ചാക്കുകളിൽ പാകിസ്താെൻറ ചിഹ്നങ്ങൾ കണ്ടതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. കറാച്ചി എന്നും ശകർഗഢ് എന്നും ചാക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ബി.എസ്.ഫ് പട്രോളിങ്ങിനിടെ ഒരു കൃഷിയിടത്തിന് സമീപം പലഭാഗങ്ങളിലായി മണ്ണ് ഇളകിയത് ശ്രദ്ധയിൽപെട്ടു. നിർമാണത്തിലിരിക്കുന്ന തുരങ്കത്തിന് 20 മീറ്റർ നീളവും 25 അടി ആഴവുമുണ്ട്. പാക് ഭാഗത്തുനിന്നാണ് തുടക്കം.
പരിസരത്ത് കൂടുതൽ തുരങ്കം സ്ഥാപിച്ചിട്ടുണ്ടോ എന്നറിയാൻ സേനയും ഐ.ബിയും ചേർന്ന് തിരച്ചിൽ ഊർജിമാക്കി. തുരങ്കമുള്ള സ്ഥലത്തുനിന്ന് പാകിസ്താൻ അതിർത്തി പോസ്റ്റായ ഗുൽസാറിലേക്ക് 700 മീറ്റർ മാത്രമാണ് ദൂരം.
ബി.എസ്.എഫ് ഇൻസ്പെക്ടർ ജനറൽ എൻ.എസ്. ജംവാൾ സ്ഥലം സന്ദർശിച്ച് തുടർപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. തുരങ്കത്തെക്കുറിച്ച് പാകിസ്താന് അറിവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ജമ്മു, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ 3,300 കി.മി ദൂരംവരുന്ന അതിർത്തിയിൽ ബി.എസ്.എഫിെൻറ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
അതിർത്തിയിൽ മുമ്പും തുരങ്കങ്ങൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂണിൽ അതിർത്തിയിൽ പാക് ഡ്രോൺ ബി.എസ്.എഫ് വീഴ്ത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.