മംഗളൂരു: യുവമോർച്ച പ്രാദേശിക നേതാവിന്‍റെ കൊലപാതകത്തെ തുടർന്ന് സംഘർഷാവാസ്ഥ നിലനിൽക്കുന്ന മംഗളൂരുവിനടുത്ത് വസ്ത്രവ്യാപാരിയെ ഒരു സംഘം വെട്ടിക്കൊന്നു. നഗരത്തിനടുത്തുള്ള സൂറത്ത്കലിൽ മുഹമ്മദ് ഫാസിൽ എന്ന യുവാവാണ്, ബൈക്കിലെത്തിയ നാലംഗ സംഘത്തിന്‍റെ ആക്രമണത്തിൽ വ്യഴാഴ്ച വൈകീട്ട് കൊല്ലപ്പെട്ടത്.
സൂറത്കലിലെ മംഗൽപേട്ട് സ്വദേശിയായ ഫാസിൽ സൂറത്കലിന്റെ തന്റെ കടയുടെ മുന്നിൽവെച്ചാണ് ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. സംഭവത്തെ തുടർന്ന് സൂറത്കലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞ 21ന് കാസർകോട് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദിനെ (19) സുള്ള്യയിൽ ഒരുസംഘം മർദിച്ച് കൊലപ്പെടുത്തിയതോടെയാണ് മേഖലയിൽ സംഘർഷാന്തരീക്ഷം ഉടലെടുത്ത്. കൂലിപ്പണിക്കായി മസൂദ് ഒരു മാസമായി സുള്ള്യ കളഞ്ചയിലെ ബന്ധു അബ്ദു മുക്രിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. എട്ടംഗ സംഘം മസൂദിനെ ചോദ്യം ചെയ്യുകയും മർദിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ സംഘം പിന്തുടര്‍ന്ന് മർദിച്ചതായി പൊലീസ് പറഞ്ഞു. പുലർച്ചെ 1.30 ഓടെ സമീപത്തെ കിണറിന് അടുത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ സുള്ള്യയിലെ സുനില്‍, സുധീര്‍, ശിവ, രഞ്ജിത്ത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്ത്, ഭാസ്‌കര എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനുപിന്നാലെ കഴിഞ്ഞ 26ന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ യുവമോർച്ച നേതാവ് പ്രവീൺ നട്ടാറിനെ മൂന്നംഗ സംഘം കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്ന് മുഹമ്മദ് ഷഫീഖി (27) നെയും ഹവേരി ജില്ലയിൽ നിന്ന് സക്കീറി (29) നെയുമാണ് പിടികൂടിയത്.
പ്രവീണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മംഗളൂരു സിറ്റി പൊലീസ് കമീഷണറുടെയും ഉഡുപ്പി പൊലീസിന്‍റെയും നേതൃത്വത്തിൽ ആറംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോപുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് യുവമോർച്ച ആരോപിക്കുന്നത്. എന്നാൽ, ആരോപണം പോപുലർ ഫ്രണ്ട് നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.