ന്യൂഡൽഹി: പൗരന്മാരുടെ വിവരങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പാക്കി, ഭരണഘടനാനുസൃതമായി ആധാർ നിയമം പാസാക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. ബാങ്കിങ് സംവിധാനം ജനങ്ങളിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് യു.എന്നിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പദ്ധതികൾക്കും ആനുകൂല്യങ്ങൾക്കും ആധാർ നിർബന്ധമാക്കുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ജെയ്റ്റ്ലിയുടെ പരാമർശം.
ആധാർ കാര്യത്തിൽ യു.പി.എ സർക്കാറിെൻറ നടപടികൾ തുടരുകമാത്രമാണ് ചെയ്തത്. നിയമം നിർമിക്കാതെയാണ് അവർ പദ്ധതി തുടങ്ങിയത്. എൻ.ഡി.എ സർക്കാർ ആധാറിന് നിയമത്തിെൻറ കവചമണിയിക്കുകയാണ്. ആ നടപടി മാതൃകാപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അത് പരമമല്ല. ദേശസുരക്ഷ, സാമൂഹിക ആനുകൂല്യങ്ങൾ വിതരണം ചെയ്യൽ എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് സ്വകാര്യതയിൽ നിയന്ത്രണമാകാം.
ജൻധൻ യോജന പദ്ധതി നിലവിൽവന്നശേഷം മൂന്നു വർഷത്തിനിടെ 30 കോടി പേർ ജൻധൻ അക്കൗണ്ട് എടുത്തിട്ടുണ്ട്. പദ്ധതി നിലവിൽവരുംമുമ്പ് 42 ശതമാനം കുടുംബങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നില്ല. 99.99 കുടുംബങ്ങൾക്ക് നിലവിൽ ഒരു ബാങ്ക് അക്കൗണ്ടെങ്കിലുമുണ്ട്. സീറോ ബാലൻസ് അക്കൗണ്ടുകളുടെ എണ്ണം 77 ശതമാനത്തിൽനിന്ന് 20 ശതമാനമായി കുറക്കും. ക്രമേണ സീറോ ബാലൻസ് അക്കൗണ്ട് നിർത്തലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.