ന്യൂഡല്‍ഹി: സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയായിരിക്കും ആധാർ കേസ് പരിഗണിക്കുന്ന ബെഞ്ച് വിധി പുറപ്പെടുവിക്കുക. ആധാർ സ്വകാര്യതയെന്ന മൗലികാവകാശത്തിെൻറ ലംഘനമാണെന്ന് ഹരജിക്കാരും സ്വകാര്യതക്ക് മേലുള്ള നിയമവിധേയമായ നിയന്ത്രണമാണെന്ന് കേന്ദ്ര സർക്കാറും വാദിക്കും. ഇതിലേത് നിലപാട് സുപ്രീംകോടതി ബെഞ്ച് അംഗീകരിക്കുമെന്നതാണ് ആധാർ കേസിൽ നിർണായകമാകുക.
സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധിയിലേക്കു വഴി തെളിച്ചത് ആധാറിനെതിരായ ഹരജികളാണ്. സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണ് ആധാർ എന്നായിരുന്നു മുൻ ജഡ്ജി കൂടിയായ പുട്ടസ്വാമി അടക്കമുള്ള ഹരജിക്കാർ വാദിച്ചിരുന്നത്. ഇതേ തുടർന്ന് കേസിൽനിന്ന് സ്വകാര്യത മാത്രം അടർത്തി മാറ്റി വിഷയം ഒമ്പതംഗ ബെഞ്ചിന് വിടണമെന്ന് കേന്ദ്ര സർക്കാർ വാദിച്ചു. ഇതംഗീകരിച്ചാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാർ ഒമ്പതംഗ ബെഞ്ചുണ്ടാക്കി വാദം കേട്ട് സ്വകാര്യത തീർപ്പാക്കിയത്. സ്വകാര്യത മൗലികാവകാശമല്ലെന്ന് വിധിവരുന്നതുവരെ നിലപാട് എടുത്ത കേന്ദ്ര സർക്കാർ ഇപ്പോൾ സ്വകാര്യത മൗലികാവകാശമാണെന്നത് തങ്ങൾ നേരത്തെയെടുത്ത നിലപാടാണെന്നുള്ള വാദവുമായി രംഗത്തുവന്നു.
കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദാണ് വ്യാഴാഴ്ച വാർത്തസമ്മേളനത്തിൽ അവകാശവാദമുന്നയിച്ചത്. അതേസമയം, സ്വകാര്യത മൗലികാവകാശമായതോടെ ആധാർ അതിെൻറ ലംഘനമാണെന്ന് ആധാർ ബെഞ്ച് മുമ്പാകെ ബോധിപ്പിക്കുമെന്ന് ഹരജിക്കാരുടെ അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ശ്യാം ദിവാനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.