ന്യൂഡൽഹി: സർക്കാർ പദ്ധതികളുടെ ആനൂകൂല്യം ലഭിക്കാൻ ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിവിധ ഉത്തരവുകൾക്കെതിരെ നൽകിയ ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി. മുത്തലാഖ് വിഷയത്തിൽ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദം കേൾക്കാമെന്ന് വ്യക്തമാക്കിയത്. ആധാർ നിർബന്ധമല്ലെന്നും ഇഷ്ടപ്രകാരം എടുക്കാവുന്നതുമാത്രമാണെന്നും കോടതി ഉത്തരവുണ്ടായിട്ടും സ്കോളർഷിപ്പുകൾ, സ്കൂളുകളിലെ ഉച്ചഭക്ഷണം തുടങ്ങിയ സർക്കാർ ആനുകൂല്യങ്ങൾക്കുപോലും നിരന്തരം ഉത്തരവിറക്കി ആധാർ നിർബന്ധമാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനാണ് കോടതിയുടെ ശ്രദ്ധ ക്ഷണിച്ചത്. ബാലാവകാശ സംരക്ഷണ ദേശീയ കമീഷൻ (എൻ.സി.പി.സി.ആർ) മുൻ ചെയർപേഴ്സൺ ഷാന്ത സിൻഹക്കു വേണ്ടിയാണ് ശ്യാം ദിവാൻ കോടതിയിൽ ഹാജരായത്. ഇതുസംബന്ധിച്ച പരാതികൾ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പരിഗണിക്കണമെന്നും ശ്യാം ദിവാൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിനു വേണ്ടി സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ ഹാജരായി.
ആധാറിെൻറ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള നിരവധി പരാതികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കുക. ബെഞ്ച് ചീഫ് ജസ്റ്റീസ് പിന്നീട് തീരുമാനിക്കും. സർക്കാർ ആനുകൂല്യങ്ങൾക്ക് ആധാർ നിർബന്ധമാക്കരുെതന്ന് നിരവധി ഉത്തരവുകളിൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നിർദേശം നൽകിയിരുന്നു. അതേസമയം, പ്രകൃതിവാതക സബ്സിഡി, ജൻധൻ പദ്ധതി, പൊതുവിതരണ സംവിധാനം തുടങ്ങിയവക്ക് ആധാർ നിർബന്ധമാക്കുന്നതിൽ ഇളവു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.